news

കുറ്റ്യാടി: മലയോര മേഖലയിൽ നിരവധി ആളുകൾ ആശ്രയിക്കുന്ന കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയും പരിസരവും പകർച്ചവ്യാധിയുടെ ഉത്ഭവ കേന്ദ്രമായി മാറുന്നതായി ആക്ഷേപം. മാസങ്ങളായി അടഞ്ഞുകിടക്കുന്ന പ്രസവ വാർഡും ഡോക്ടർമാരുടെ കുറവും ജനത്തെ വലയ്ക്കുന്നതിനിടെയാണ് കൊതുക് വളർത്ത് കേന്ദ്രമായി ആതുരാലയം മാറിയിരിക്കുന്നത്.

ആശുപത്രിയോട് ചേർന്നുള്ള സ്ഥലത്തെ സെപ്റ്റിക് ടാങ്ക് തുറന്നു കിടക്കുന്നതാണ് കൊതുകുശല്യം വർദ്ധിക്കാൻ കാരണമായിരിക്കുന്നത്. നിലവിൽ തകരഷീറ്റുകൊണ്ട് അലസമായാണ് ടാങ്ക് മൂടിയിരിക്കുന്നത്. ആശുപത്രിയിൽ നിന്നുള്ള മറ്റ് മാലിന്യങ്ങളും ഈ ടാങ്കിലാണ് നിക്ഷേപിക്കുന്നത്. മഴക്കാലമായതോടെ ടാങ്ക് നിറഞ്ഞ് കവിഞ്ഞ് ഇതിൽ നിന്നുള്ള വെള്ളം ആശുപത്രി പരിസരത്തേക്ക് ഒഴുകുകയാണ്. ഇത് റോഡിലേക്കും ഒഴുകുന്ന സാഹചര്യമാണ് നിലവിലുള്ളത്. പകർച്ച വ്യാധികൾക്ക് ചികിത്സയ്ക്കെത്തിയ രോഗികൾ കിടക്കുന്ന വാർഡിനോട് ചേർന്നാണ് സെപ്റ്റിക് ടാങ്ക് സ്ഥിതി ചെയ്യുന്നത്. അതോടൊപ്പം ആശുപത്രിയിൽ നിന്ന് കൊതുക് കടിയേറ്റ് ലഭിക്കുന്ന രോഗങ്ങൾക്കുകൂടി ചികിത്സ തേടേണ്ട അവസ്ഥയിലാണ് രോഗികളും കൂട്ടിരിപ്പുകാരും.

പ്രവർത്തനത്തെ ബാധിക്കുന്നു

പഞ്ചായത്തിൽ നിന്നും അയൽ പഞ്ചായത്തുകളിൽ നിന്നുമുള്ള നിരവധിപ്പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. കൊതുക് ശല്യം കാരണം ആശുപത്രിയിൽ നിൽക്കാൻ പോലുമാകാത്ത സാഹചര്യമാണെന്ന് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു. ആശുപത്രിയുടെ പ്രവർത്തനത്തെ തന്നെ ഇത് ബാധിക്കുന്നുണ്ട്.

ജീവനക്കാരും ദുരിതത്തിൽ

ഒ.പി ടിക്കറ്റ് എടുക്കുന്നത് മുതൽ ഡോക്ടറെ കാണിച്ച് മരുന്നു വാങ്ങുന്നതുവരെ ജനം അനുഭവിക്കുന്ന പ്രയാസങ്ങൾ പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. ആശുപത്രിയിൽ എത്തുന്ന രോഗികൾ മണിക്കൂറുകൾ കാത്തിരുന്നാണ് ഡോക്ടറെ കാണുന്നത്. അവശരായ രോഗികൾ മരുന്ന് വാങ്ങാനും മണിക്കൂറുകൾ കാത്തു നിൽക്കേണ്ട അവസ്ഥയാണ്. കൊതുകിനെ നേരിടാൻ ഇലക്ട്രിക് ബാറ്റുമായാണ് രോഗികൾ ആശുപത്രിയിലെത്തുന്നത്. ഡോക്ടർമാരും ആശുപത്രി ജീവനക്കാരും ഉൾപ്പെടെ കൊതുക് ശല്യത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ്.