 
കോഴിക്കോട്: പരിസ്ഥിത ലോല പ്രദേശം സംബന്ധിച്ച് തീരുമാനമറിയിക്കുന്നതിന് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിൽ അഭിപ്രായം പറയുന്നതിനുള്ള തിയതി ആറുമാസം കൂടി നിട്ടണമെന്ന് എം.പിയുടെ നേതൃത്വത്തിൽ വിളിച്ച യോഗം. ഇതിനായി കോടതിയെ സമീപിക്കാൻ യോഗം തീരുമാനിച്ചു. മലബാറിലെ പൊതുവിഷയത്തിലാണ് ഇന്നലെ എം.കെ രാഘവൻ എ.പിയുടെ നേതൃത്വത്തിൽ യോഗം വിളിച്ചതെങ്കിലും ജില്ലയിൽ നിന്നുള്ള എം.എൽ.എമാരുടെ സാന്നിദ്ധ്യമില്ലാത്തത് കല്ലുകടിയായി. ഗവ.ഗസ്റ്റ് ഹൗസിൽ വിളിച്ച യോഗത്തിൽ കൊടുവള്ളി എം.എൽ.എ ഡോ.എം.കെ.മുനീർ മാത്രമാണ് പങ്കെടുത്തത്. ഇടതുപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.അനിത മാത്രമെത്തി. ഇക്കോളജിക്കൽ സെൻസറ്റീവ് ഏരിയ (ഇ.എസ്.എ) അന്തിമ റിപ്പോർട്ടിനുള്ള നിർദ്ദേശം സമർപ്പിക്കാനുള്ള കാലാവധി നീട്ടിക്കിട്ടാനും നിലവിലെ അപാകതകൾക്ക് പരിഹാരം തേടിയും കോടതിയെ സമീപിക്കാനാണ് യോഗം തീരുമാനിച്ചതെന്ന് എം.പി.എം.കെ.രാഘവൻ പറഞ്ഞു. കരടു വിജ്ഞാപന കാലാവധി ദിവസങ്ങൾക്കകം തീരും. അതിനിടെ പ്രശ്നങ്ങൾ പഠിച്ചു നിർദ്ദേശം സമർപ്പിക്കുക സാദ്ധ്യമല്ലാത്തതിനാലാണ് ആറു മാസം കൂടി കാലാവധി ആവശ്യപ്പെടുന്നതെന്നും എം.പി.ജിയോ കോ-ഓർഡിനേറ്റ് മാപ്പ് പഞ്ചായത്തുകൾ നൽകിയെങ്കിലും സർക്കാർ ബയോ ഡൈവേഴ്സസിറ്റി ബോർഡ് മാപ്പിൽ പ്രസിദ്ധീകരിച്ചില്ല. അതിനാൽ പരാതി നൽകാൻ കഴിയുന്നില്ല. ജിയോ കോർഡിനേറ്റ് മാപ്പ് സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും എം.കെ.രാഘവൻ പറഞ്ഞു.
തിരുത്താൻ സംസ്ഥാന
സർക്കാരും തയ്യാറാവണം
സംസ്ഥാനത്തെ മൊത്തം വനഭൂമിയുടെ വിസ്തീർണം നിർദിഷ്ട 123 വില്ലേജുകളിലെ മാത്രം വനമായി രേഖപ്പെടുത്തിയത് മൂലമാണ് കൃഷിഭൂമികൾ ഇ.എസ്.എ പരിധിയിൽ ഉൾപ്പെട്ടെതെന്ന് എം.പി.യുടെ നേതൃത്വത്തിൽ വിളിച്ച അവലോകന യോഗം. ഇത് തിരുത്തുവാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണം. നിർദിഷ്ട ഇ എസ് എ പ്രദേശങ്ങളെ ഫോറസ്റ്റ് വില്ലേജ് റവന്യൂ വില്ലേജ് എന്നിങ്ങനെ രണ്ടാക്കി തിരിക്കുകയും കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടുള്ള പഞ്ചായത്ത് തല വാർഡ് അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ജിയോ കോഡിനേറ്റ്സ് മാപ്പിൽ ഇ. എസ്. എ ഫോറസ്റ്റ് ഏരിയ മാത്രമെ ഉൾപ്പെട്ടിട്ടുള്ളൂ എന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. റവന്യൂ വില്ലേജുകളുടെ പേരിൽ ഇ.എസ്.എ പ്രദേശങ്ങൾ അറിയപ്പെടുന്നത് ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.