
രാമനാട്ടുകര: ആറുമാസത്തിനുമുമ്പ് രണ്ടുപേരെ ഇടിച്ചിട്ട ശേഷം നിറുത്താതെ പോയ കാറും ഡ്രൈവറും ഫറോക്ക് പൊലീസ് പിടിയിൽ. പെരുമുഖം ഈന്തിങ്ങൽ വീട്ടിൽ മുഹമ്മദ് ശബാദാണ് (23) പിടിയിലായത്. മാർച്ച് 23ന് രാത്രിയാണ് സംഭവം. രാമനാട്ടുകര പൂവ്വന്നൂർ പള്ളിക്ക് സമീപം ദേശീയപാത മുറിച്ചു കടക്കുന്നതിനിടെയാണ് ഫറോക്ക് സ്വദേശി മാടന്നയിൽ രജീഷ് കുമാറിനെയും ബൈക്ക് യാത്രികനായ തിരൂർ മുന്നിയൂർ സ്വദേശി വലിയ പറമ്പിൽ അഷ്റഫിനെയും മുഹമ്മദ് ശബാദ് ഓടിച്ച കാർ ഇടിച്ചിട്ട ശേഷം നിറുത്താതെ പോയത്. ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു.
രജീഷ് കുമാറിന്റെ പരാതിയിൽ ഫറോക്ക് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. സി.സി ടിവി പരിശോധനയിൽ ചുവന്ന സ്വിഫ്റ്റ് കാറാണെന്ന് കണ്ടെത്തിയെങ്കിലും നമ്പർ വ്യക്തമല്ലായിരുന്നു. അപകടം നടന്ന സ്ഥലത്തുണ്ടായിരുന്ന ഒരാൾ KL 65 രജിസ്ട്രേഷനിലുള്ള വാഹനമാണെന്ന് മൊഴി നൽകി. തിരൂരങ്ങാടി ആർ.ടി.ഒയ്ക്ക് ഈ രജിസ്ട്രേഷൻ നമ്പറുള്ള സ്വിഫ്റ്റ് കാർ ഉടമകളുടെ വിവരം തേടി അപേക്ഷ നൽകി. ഇതിലൂടെ കാർ ഉടമയെക്കുറിച്ചുള്ള വിവരം ലഭിച്ചു.
സി.സി ടിവിയിൽ മാർച്ച് 28ന് ഫറോക്കിലെ വർക്ക്ഷോപ്പിൽ ഒരു കാർ അറ്റകുറ്റപ്പണി നടത്തിയതിന്റെ തെളിവും ലഭിച്ചു. വാഹനയുടമയെ സ്റ്റേഷനിൽ വിളിപ്പിച്ച് വിവരങ്ങൾ ആരാഞ്ഞപ്പോഴാണ് ബന്ധുവായ മുഹമ്മദ് ഷബാദാണ് വാഹനം ഓടിച്ചതെന്ന് വ്യക്തമായത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഫറോക്ക് എസ്.ഐ വിനയനും സംഘവുമാണ് പ്രതിയെ പിടികൂടിയത്.