
വടകര: പുതിയ ബസ് സ്റ്റാൻഡിലും പരിസര പ്രദേശത്തും രാത്രിയായാൽ ജനം ഇരുട്ടിൽത്തപ്പേണ്ട അവസ്ഥയാണ്. സ്റ്റാൻഡിൽ വെളിച്ചം നൽകിയിരുന്ന ഹൈമാസ്റ്റ് ലൈറ്റിൽ ഒരെണ്ണം മാത്രമാണ് നിലവിൽ കത്തുന്നത്. സമീപത്തെ കടകൾ കൂടി അടച്ചാൽ ആകെ ഇരുട്ട് പടരും. കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിലേക്കുള്ള യാത്രക്കാർ ആശ്രയിക്കുന്നത് പുതിയ ബസ് സ്റ്റാൻഡിനെയാണ്. സ്ത്രീകളടങ്ങുന്ന യാത്രക്കാർ രാത്രിയിൽ ഭയത്തോടെയാണ് ഇവിടെ ബസ് ഇറങ്ങുന്നതും കാത്തിരിക്കുന്നതും.
ഒരാഴ്ചമുമ്പാണ് സ്‌റ്റാൻഡിനു പടിഞ്ഞാറുഭാഗത്തെ കെട്ടിട വരാന്തയിൽ ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന വയോധികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇതിൽ പൊലീസ് അന്വേഷണം നടക്കുകയാണ്. മദ്യപാനി സംഘങ്ങൾ തമ്മിലുള്ള സംഘർഷങ്ങളും പ്രദേശത്ത് പതിവാണ്. സ്റ്റാൻഡിലെ വെളിച്ചമില്ലായ്മ ഇതിന് കൂടുതൽ സൗകര്യമൊരുക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
കൈയൊഴിഞ്ഞ് നഗരസഭ
വടകര നഗരസഭയുടെ കീഴിലാണ് ബസ് സ്റ്റാൻഡ് സംരക്ഷണം. എന്നാൽ പരസ്യ കമ്പനി ലേലത്തിന് എടുത്തതിനാൽ വെളിച്ച സംവിധാനവും അവരുടെ ഉത്തരവാദിത്വമാണെന്ന നിലപാടിലാണ് നഗരസഭ അധികൃതർ. പരസ്യ കരാറുകാരൻ ഇത് ഗൗനിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
ടാക്സി സ്റ്റാൻഡും ഇരുട്ടിൽ
കിഴക്കുഭാഗത്തെ ടാക്സി സ്റ്റാൻഡും ഇരുട്ടിലാണ്. നിത്യേന നിരവധിപ്പേർ വന്നു പോകുന്ന സ്ഥലത്താണ് ഈ ദുരവസ്ഥ. നഗരം ഇരുട്ടിലമർന്ന് സാമൂഹ്യവിരുദ്ധരുടെ താവളമാക്കുന്നതിൽ ജനങ്ങളും കച്ചവടക്കാരും ആശങ്കയിലാണ്.