s

നാദാപുരം: ഇറിഗേഷൻ വകുപ്പിന്റെ ജീർണ്ണാവസ്ഥയിലായ അക്വഡക്ട് അപകട ഭീഷണി ഉയർത്തുന്നു. നാദാപുരം, പുറമേരി പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന കക്കം വെള്ളിയിലെ അക്വഡക്ടാണ് കാലപ്പഴക്കത്താൽ ജീർണിച്ച് അപകട ഭീഷണി സൃഷ്ടിക്കുന്നത്. അക്വഡക്ടിന്റെ അടിഭാഗത്തെ കോൺക്രീറ്റ് പാളികൾ മുഴുവനും അടർന്നുവീണു.

പുറത്തേക്ക് തള്ളി നിൽക്കുന്ന കമ്പികൾ തുരുമ്പെടുത്ത നിലയിലാണ്. പല ഭാഗത്തും വിള്ളൽ വീണിട്ടുണ്ട്. ചോർച്ചയുള്ളതിനാൽ വർഷങ്ങളായി വെള്ളം ഒഴുക്കിവിടാറുമില്ല. മാസങ്ങളായി ഏതു നിമിഷവും തകർന്ന് വീഴാൻ പാകത്തിലാണ് അക്വഡക്ട് നിൽക്കുന്നത്. നാട്ടുകാർ ഇറിഗേഷൻ വകുപ്പിന് നിരവധിത്തവണ പരാതികൾ നൽകിയെങ്കിലും ചെവിക്കാള്ളുന്നില്ലെന്നാണ് ആക്ഷേപം.

അഞ്ച് പതിറ്റാണ്ട് മുമ്പാണ് കക്കംവെള്ളി ബ്രാഞ്ച് കനാലിൽ നിന്ന് എടച്ചേരി ഭാഗത്തേക്ക് പോകുന്ന ഡിസ്ട്രിബ്യൂഷൻ കനാലിൽ അക്വഡക്ട് സ്ഥാപിച്ചത്. വേനലിൽ കനാലിലൂടെ വെള്ളം തുറന്നുവിട്ടാൽ കൃഷിക്ക് ഉപകരിക്കുമെന്നും പരിസര പ്രദേശത്തെ കിണറുകളിൽ യഥേഷ്ടം വെള്ളം നിറഞ്ഞ് കുടിവെള്ളക്ഷാമം പരിഹരിക്കപ്പെടുമെന്നുമായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ. എന്നാൽ കാലപ്പഴക്കത്താൽ അക്വഡക്ട് ജീർണാവസ്ഥയിലായതോടെ ജലം ഒഴുക്കുന്നത് നിറുത്തി. സമീപത്തെ എൽ.പി സ്കൂളിലെ കുട്ടികളടക്കമുള്ള നാട്ടുകാർ യാത്ര ചെയ്യുന്ന റോഡിന് മുകളിലൂടെയുള്ള അക്വഡക്ട് അപകട ഭീഷണി ഉയർത്തുന്നതായും ആർക്കും ഉപകാരമില്ലാത്ത അക്വഡക്ട് പൊളിച്ച് മാറ്റണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.