waste
കോ​ഴി​ക്കോ​ട് ​ടൗ​ൺ​ ​ഹാ​ളി​ന് ​സ​മീ​പം​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​സ്ഥാ​പി​ച്ച​ ​ക​ണ്ടെ​യ്ന​ർ​ ​എം.​സി.​എ​ഫി​ന്റെ​ ​പു​റ​ത്ത് ​മാ​ലി​ന്യം​ ​കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്നു

കോഴിക്കോട്: നഗര വികസനം ദ്രുത വേഗം നടക്കുമ്പോഴും കോർപ്പറേഷനിലെ മാലിന്യനിർമ്മാർജ്ജനം ഇപ്പോഴും കീറാമുട്ടി. കുമിഞ്ഞ് കൂടുന്ന മാലിന്യം അളവിനനുസൃതമായി വേണ്ടത്ര സംസ്കരണ കേന്ദ്രങ്ങളും സംഭരണ കേന്ദ്രങ്ങളും ഇല്ലാത്തതാണ് പ്രധാന പ്രശ്നം. വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഹരിത കർമ്മ സേന സംഭരിക്കുന്ന അജൈവ മാലിന്യം സംഭരിക്കാനിടമില്ലാത്ത സ്ഥിതിയാണ്. കെട്ടുകളാക്കി റോഡരികിൽ നിക്ഷേപിക്കുന്നതിന് പരിഹാരമായി കണ്ടെയ്നർ എം.സി.എഫുകൾ (മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി) സ്ഥാപിച്ചെങ്കിലും ആവശ്യത്തിന് കണ്ടെയ്നറുകൾ ഇല്ലാത്തതിനാൽ പലയിടത്തും പുറത്താണ് മാലിന്യച്ചാക്കുകൾ. തീപിടിത്തത്തിന് ശേഷം മാലിന്യം പൂർണമായി നീക്കം ചെയ്യാത്തതിനാൽ കോർപ്പറേഷന്റെ വെസ്റ്റ്ഹിൽ മാലിന്യസംസ്കരണ കേന്ദ്രവും മാലിന്യത്താൽ ചീഞ്ഞു. ഭ​ട്ട് ​റോ​ഡി​ലെ കോർപ്പറേഷന്റെ ​ ​മാ​ലി​ന്യ​ ​സംസ്കരണ കേ​ന്ദ്ര​ത്തി​ൽ തീപിടിത്തമുണ്ടായതോടെയാണ് നഗരത്തിൽ മാലിന്യ സംസ്കരണം തലവേദനയായത്. നിലവിൽ നെല്ലിക്കോട് മാത്രമാണ് സംഭരണകേന്ദ്രം. ​ഇവിടെ മാലിന്യം കുമിഞ്ഞുകൂടുന്ന സാഹചര്യമുള്ളതിനാൽ ഹരിത കർമ്മ സേന സംഭരിക്കുന്ന മാലിന്യം ദിവസങ്ങൾക്ക് ശേഷമാണ് എത്തുന്നത്. ജെെവ മാലിന്യം ശേഖരിച്ച് വേർതിരിച്ച് കയറ്റി അയക്കാനായി പുതിയ കേന്ദ്രങ്ങൾ തുടങ്ങാനുള്ള പദ്ധതിയും പാതിവഴിയിലാണ്.

 നീക്കാതെ മാലിന്യകൂമ്പാരം

ഭട്ട് റോഡ് അജൈവമാലിന്യ സംഭരണ കേന്ദ്രത്തിൽ തീപിടിത്തം നടന്ന് ഒരു വർഷമാകാറായിട്ടും മാലിന്യം പൂർണമായി നീക്കിയില്ല. ഇതോടെ പരിസരം ചീഞ്ഞ് നാറുകയാണ്. കേന്ദ്രത്തിന്റെ പൊളിഞ്ഞ മേൽക്കൂരയും കത്തിയ പകുതി പ്ലാസ്റ്റിക് മാലിന്യങ്ങളും അതുപോലെ കിടക്കുകയാണ്. 2023 ഒക്ടോബറിലാണ് അജൈവമാലിന്യ സംഭരണ കേന്ദ്രത്തിൽ തീപിടിത്തമുണ്ടായത്.

തീപിടിത്തമുണ്ടായി മാസങ്ങൾ കഴിഞ്ഞപ്പോഴാണ് ശേഷിക്കുന്ന പ്ലാസ്റ്റിക് നീക്കിത്തുടങ്ങിയത്. ഇപ്പോഴും വലിയൊരളവിൽ മാലിന്യം ബാക്കിനിൽക്കുകയാണ്. എന്നാൽ മാലിന്യനീക്കം ഏതാണ്ട് പൂർണമായിട്ടുണ്ടെന്നാണ് കോർപ്പറേഷന്റെ അവകാശവാദം.

കണ്ടെയ്നറുകൾ ആവശ്യത്തിനില്ല

ഹരിത കർമ്മ സേന വിവിധ ഇടങ്ങളിൽ നിന്നായി ശേഖരിക്കുന്ന മാലിന്യം നിക്ഷേപിക്കാൻ ഇടമില്ലാത്തതിനാൽ ചാക്കുകളിലാക്കി റോഡരികിൽ നിക്ഷേപിക്കുകയായിരുന്നു. ഇതിന് പരിഹാരമായാണ് വലിയ കണ്ടെയ്നർ എം.സി.എഫുകൾ സ്ഥാപിച്ചത്. എന്നാൽ വിവിധ വാർഡുകളിലായി 15 എണ്ണമാണുള്ളത്. ഇവയാകട്ടെ രണ്ട് ദിവസം കൊണ്ട് നിറയും. ഓരോ വാർഡുകളിലും കൂടുതൽ കണ്ടെയ്നറുകൾ സ്ഥാപിക്കണമെന്നാണ് കൗൺസിലർമാരും നാട്ടുകാരും ആവശ്യപ്പെടുന്നത്.

''നഗരത്തെ മാലിന്യമുക്തമാക്കാൻ കോർപ്പറേഷൻ നിരവധി പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടെങ്കിലും എല്ലാം പദ്ധതിയിൽ ഒതുങ്ങുകയാണ്. കെ.ശോഭിത, യു.ഡി.എഫ് കൗൺസിലർ

'' ആദ്യഘട്ടത്തിൽ 25 കണ്ടെയ്നർ എം.സി.എഫുകളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെക്കുന്നത്.15 എണ്ണം വെച്ചു. ബാക്കിയുള്ള 10 എണ്ണം ഉടൻ വെക്കും. നഗരത്തിലെ മാലിന്യം കൊണ്ടുപോകുന്നതിന് ഒരു ഏജൻസിക്ക് പകരം 6 ഏജൻസികളെ ചുമതലപ്പെടുത്തിയതിനാൽ മാലിന്യസംസ്കരണം വിജയത്തിലേക്ക് എത്തുന്നുണ്ട്''-

ഡോ.എസ്.ജയശ്രീ, ചെയർപേഴ്‌സൺ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി കോർപ്പറേഷൻ.