 
കോഴിക്കോട് : ടൈപ്പ് വൺ പ്രമേഹം ബാധിച്ച കുട്ടികൾക്ക് ആവശ്യമായ ആരോഗ്യ, ചികിത്സാ, പരിരക്ഷ നല്കുന്ന സംസ്ഥാന സർക്കാരിന്റെ 'മിഠായി' പദ്ധതി താളം തെറ്റുന്നതിൽ ഉത്തരം തേടി മനുഷ്യാവകാശ കമ്മിഷൻ. പദ്ധതി വഴി ലഭിക്കുന്ന ഇൻസുലിൻ പെൻ, കണ്ടിന്യൂസ് ഗ്ലൂക്കോസ് മോണിറ്റർ, സ്ട്രിപ്പ് തുടങ്ങിയവ കഴിഞ്ഞ രണ്ടു മാസമായി സൗജന്യമായി ലഭിക്കുന്നില്ലെന്ന പരാതി അന്വേഷിക്കാൻ കമ്മിഷൻ ഉത്തരവിട്ടു. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റെ നിർദ്ദേശം. കോഴിക്കോട്ടെ മിഠായി ക്ലിനിക്കിനെതിരെയാണ് പരാതി. മാദ്ധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. 29 ന് കോഴിക്കോട് ഗവ . ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
ആവശ്യത്തിന് മരുന്നില്ല ദുരിതം
സർക്കാർ പദ്ധതിയെ ആശ്രയിച്ചാണ് കുഞ്ഞുങ്ങൾക്ക് മരുന്ന് നൽകി വരുന്നത്. എന്നാൽ പദ്ധതിയിലൂടെ കൃത്യമായി മരുന്ന് എത്താത്തതിനാൽ പുറത്ത് നിന്നും കടം വാങ്ങി മരുന്ന് നൽകേണ്ട സ്ഥിതിയാണ്. പദ്ധതിയിൽ രജിസ്റ്റർ ചെയ്തവർക്ക് തുടക്കത്തിൽ രണ്ട് മാസത്തേക്ക് മരുന്ന് ഒരുമിച്ചായിരുന്നു. പിന്നീട് ക്ഷാമം ചൂണ്ടിക്കാട്ടി മാസത്തിലൊരിക്കലും ആഴ്ചയിലൊരിക്കലുമാക്കി. ടൈപ്പ് വൺ പ്രമേഹം ബാധിച്ച കുട്ടികളുടെ പ്രമേഹം ദിവസം ഏഴ് തവണ ടെസ്റ്റ് ചെയ്യണം. അതിനനുസരിച്ചാണ് ഇൻസുലിൻ. ഇതിന് ഒരു മാസത്തേക്ക് ഇരുന്നൂറിലധികം നീഡിലും സ്ട്രിപ്പും ആവശ്യമാണ്. പദ്ധതി പ്രകാരം ഒരു മാസത്തേക്ക് 50 സ്ട്രിപ്പും നീഡിലും മാത്രമാണ് നല്കിയിരുന്നത്. പുറമെ നിന്ന് വാങ്ങുമ്പോൾ ഒരു സ്ട്രിപ്പിന് 8 രൂപയും നീഡിലിന് 15 രൂപയോളവും വരും. അതേ സമയം മരുന്നുകൾ എത്തിക്കുന്ന കമ്പനികൾ ഉത്പാദനം നിറുത്തിയതാണ് മരുന്ന് ക്ഷാമമുണ്ടാകാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
 ടൈപ്പ് വൺ പ്രമേഹം
ശരീരത്തിൽ ഇൻസുലിൻ ഉത്പാദിപ്പിക്കാതെയിരിക്കുന്ന അവസ്ഥയാണ് ടൈപ്പ് വൺ പ്രമേഹം. 1700 പേരാണ് കേരള സമൂഹിക സുരക്ഷാമിഷന്റെ കീഴിൽ കുട്ടികൾക്കുള്ള സമഗ്ര പ്രമേഹചകിത്സ സഹായപദ്ധതിയായ മിഠായിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 12 പേർക്കാണ് ഇൻസുലിന്‍ പമ്പ് നൽകുന്നത്.
കൂടുതൽ പേർ
കോഴിക്കോട്, തൃശ്ശൂർ, കൊല്ലം, തിരുവനന്തപുരം