photo

കൊയിലാണ്ടി: റവന്യു വകുപ്പിന് കീഴിലുള്ള കൊയിലാണ്ടിയിലെ മൈതാനത്തിന്റെ അവകാശത്തർക്കം കായിക താരങ്ങളെ അങ്കലാപ്പിലാക്കുന്നു. ഗവ. ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ, മുൻസിപ്പാലിറ്റി, ജില്ലാ സ്പോർട്സ് കൗൺസിൽ എന്നിവരാണ് മൈതാനം സ്വന്തമാക്കാൻ പിടിവലി നടത്തുന്നത്. വിഷയം പരിഗണിച്ച ഹൈക്കോടതി സർക്കാരിനോട് ഉചിതമായ തീരുമാനം കൈക്കൊള്ളാൻ പറഞ്ഞിട്ട് മാസങ്ങളായെങ്കിലും എങ്ങുമെത്തിയില്ല.

1998 ഡിസംബർ 17നാണ് 3.46 ഏക്കർ വിസ്തൃതിയുള്ള ഹൈസ്കൂൾ മൈതാനം ജില്ലാ സ്‌പോർട്സ് കൗൺസിൽ 25 വർഷത്തേക്ക് പാട്ടത്തിനെടുത്തത്. 2023 ഡിസംബർ 17ന് കരാർ കാലാവധി അവസാനിച്ചതോടെ നഗരസഭ അവകാശവാദവുമായി രംഗത്തെത്തി. നഗരസഭ കൗൺസിൽ സ്റ്റേഡിയത്തിനായി പ്രമേയം പാസാക്കി സർക്കാരിലേക്ക് അയയ്ക്കുകയും ചെയ്തു. തൊട്ടുപിന്നാലെ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എയ്ക്ക് സ്റ്റേഡിയം വിട്ടുകിട്ടണമെന്നാവശ്യവും ഉയർന്നു. ഇതൊന്നും ഗൗനിക്കാതെ കാലാവധി നീട്ടി കിട്ടാനുള്ള നടപടികളുമായി ജില്ലാ സ്‌പോർട്സ് കൗൺസിലും സർക്കാരിനെ സമീപിച്ചു. അതോടെ പി.ടി.എ ഹൈക്കോടതിൽ കേസ് ഫയൽചെയ്തു. മൂന്ന് കൂട്ടരുടേയും വാദം കേട്ട കോടതി സർക്കാരിനോട് ഉചിതമായ തീരുമാനമെടുക്കാൻ ആവശ്യപ്പെട്ടു. എന്നാൽ സർക്കാർ നീട്ടി കൊണ്ടുപോവുകയാണ്.

മൈതാനത്ത് പരേഡിനെത്തിയ എൻ.സി.സി കേഡറ്റുകളെ സ്റ്റേഡിയം വാച്ച് മാൻ തടഞ്ഞതായി പി.ടി.എ പ്രസിഡന്റ് സുചീന്ദ്രൻ പറഞ്ഞു. കാലാവധി കഴിഞ്ഞിട്ടും സ്റ്റേഡിയത്തിലെ മുറികളിൽ നിന്നുള്ള വാടക ജില്ലാ സ്‌പോർട്സ് കൗൺസിൽ അനധികൃതമായി പിരിക്കുന്നതായും അദ്ദേഹം ആരോപിച്ചു. സർക്കാർ ജില്ലാ സ്‌പോർട്സ് കൗൺസിലിന്റെ താത്പര്യത്തിന് വിരുദ്ധമായി നടപടിയെടുത്താൽ നിയമപരമായി ഏതറ്റം വരെയും പോകുമെന്നാണ് കൗൺസിൽ ഭാരവാഹികൾ പറയുന്നത്.

നാഥനില്ല

സ്വന്തമായി മൈതാനങ്ങളില്ലാത്ത സ്കൂളുകൾ അടച്ചുപൂട്ടണമെന്ന കോടതിയുടെ നീരീക്ഷണത്തെത്തുടർന്നാണ് സ്കൂൾ പി.ടി.എ സ്റ്റേഡിയത്തിനായി പിടിമുറുക്കുന്നത്. കാലാവധി കഴിഞ്ഞതോടെ നാഥനില്ലാത്ത അവസ്ഥയിലാണ് മൈതാനം. കായിക താരങ്ങളുടെ പ്രാഥമിക ആവശ്യങ്ങൾ പോലും നിർവഹിക്കാൻ ഇടമില്ല.

സാമൂഹ്യ വിരുദ്ധരും സജീവം

രാവും പകലുമില്ലാതെ ലഹരി വിപണക്കാർ ഇവിടെ ക്യാമ്പ് ചെയ്യുകയാണ്. മാസങ്ങൾക്ക് മുമ്പ് മൈതാനത്തിൽ മയക്ക്മരുന്ന് കുത്തിവച്ച് ഒരു യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. അവകാശ തർക്കത്തിനിടയിൽ കായികതാരങ്ങൾക്ക് പരിശീലനത്തിന് മതിയായ സൗകര്യം ലഭിക്കാത്ത അവസ്ഥയാണ്. സർക്കാർ അടിയന്തരമായി തീരുമാനം കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെയും കായിക താരങ്ങളുടെയും ആവശ്യം.