sindhu
നിർമ്മാണം പാതിവഴിയിൽ നിലച്ച വീടും സമീപത്തുള്ള കൂരയും

സുൽത്താൻ ബത്തേരി: ട്രൈബൽ വകുപ്പിന്റെ അനാസ്ഥ കാരണം വീട് നിർമ്മാണം പൂർത്തിയാവാത്തതിനെ തുടർന്ന് അഞ്ചംഗ കാട്ടുനായ്ക്ക കുടുംബം കഴിയുന്നത് ചോർന്നൊലിക്കുന്ന കൂരയിൽ. നൂൽപ്പുഴ പഞ്ചായത്തിലെ കാരശ്ശേരി കുമ്പ്രംകൊല്ലി കാട്ടുനായ്ക്ക സങ്കേതത്തിലെ സിന്ധുവും കുടുംബവുമാണ് ചോർന്നൊലിക്കുന്ന കൂരയിൽ ദുരിത ജീവിതം നയിക്കുന്നത്. ഇവർക്കായി നിർമ്മിക്കുന്ന വീട് കഴിഞ്ഞ ആറു വർഷമായി ലിന്റൽ പൊക്കത്തിൽ നിൽക്കുകയാണ്. ട്രൈബൽ വകുപ്പ് അനുവദിച്ച മൂന്നര ലക്ഷം രൂപ കൊണ്ടാണ് ആറ് വർഷം മുമ്പ് സിന്ധുവിനും കുടുംബത്തിനും വീട് നിർമ്മാണം ആരംഭിച്ചത്. എന്നാൽ ഇപ്പോഴും ഇവരുടെ വീടിന്റെ നിർമ്മാണം ലിന്റൽ പൊക്കത്തിൽ എത്തിയിട്ടേയുള്ളൂ. നിർമ്മാണം ഏറ്റെടുത്ത കരാറുകാരൻ ഇതുവരെ 2 ലക്ഷം രൂപയും കൈപ്പറ്റിയതായും കുടുംബങ്ങൾ പറയുന്നു. പക്ഷേ പിന്നീട് സാങ്കേതിക കാരണങ്ങളാൽ നിർമ്മാണം നിലക്കുകയായിരുന്നു. ഇതോടെ സിന്ധുവും ഭർത്താവ് രവിയും ഒന്നിലും മൂന്നിലും പഠിക്കുന്ന ആൺമക്കളും പത്താം ക്ലാസ് കഴിഞ്ഞ് നിൽക്കുന്ന മകളുമടക്കം അഞ്ചംഗ കുടുംബം സമീപത്തെ ചോർന്നൊലിക്കുന്ന പുല്ലുമേഞ്ഞ കൂരയിലാണ് ദുരിത ജീവിതം നയിച്ചു വരുന്നത്. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് ഇവരുടെ വീട് നിർമ്മാണം പൂർത്തീകരിക്കാൻ വകുപ്പ് ഇടപെടൽ കാര്യക്ഷമമാകുന്നില്ലെന്നുള്ള ആരോപണം ശക്തമാണ്. ലീസ് ഭൂമിയിൽ കഴിയുന്ന തങ്ങൾക്ക് എന്തെങ്കിലും സഹായങ്ങൾ ചെയ്തു നൽകുന്നുണ്ടെങ്കിൽ അത് വനം വകുപ്പാണെന്നാണ് ഇവർ പറയുന്നത്. വൈദ്യുതി പോലുമില്ലാത്ത ഇവരുടെ കൂരയിൽ കുട്ടികളുടെ പഠനവും ദുരിതം നിറഞ്ഞതാണ്. വനത്തോട് ചേർന്നാണ് ഇവർ കഴിയുന്നത് എന്നതിനാൽ വൈദ്യുതി ഇല്ലാത്തതു കാരണം സന്ധ്യ കഴിഞ്ഞാൽ അത്യാവശ്യ കാര്യങ്ങൾക്ക് പോലും പുറത്തിറങ്ങാൻ ഇവർ ഭയക്കുകയാണ്. ഈ സാഹചര്യത്തിൽ വീട് നിർമ്മാണം പൂർത്തീകരിക്കാൻ വകുപ്പും ബന്ധപ്പെട്ട അധികാരികളും ഇടപെടണമെന്ന് അഭ്യർത്ഥനയാണ് ഈ കുടുംബത്തിനുള്ളത്.

നിർമ്മാണം പാതിവഴിയിൽ നിലച്ച വീടും സമീപത്തുള്ള കൂരയും