img20240924

മുക്കം: ഇരുവഞ്ഞിപ്പുഴയിൽ തൃക്കുടമണ്ണ ക്ഷേത്ര പരിസരത്ത് വായലത്ത് കടവിലെ തൂക്കുപാലം തകർന്നിട്ട് മാസങ്ങളായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല. കാലവർഷത്തോടൊപ്പമെത്തിയ വെള്ളപ്പൊക്കത്തിലാണ് പാലം തകർന്നത്. നിരവധിയാളുകളുടെ യാത്രാമാർഗമാണ് ഇതോടെ അടഞ്ഞത്. 15 വർഷത്തോളം പഴക്കമുള്ള പാലമാണിത്.

യഥാസമയം ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്താത്തതും പാലത്തിന്റെ തകർച്ചയ്ക്ക് വഴിയൊരുക്കി. പാലം തകർന്നതോടെ കാരശ്ശേരി പഞ്ചായത്തിലെ ഒന്നാം വാർഡ് കുമാരനെല്ലൂർ, പാലിയിൽ, കുന്നത്ത്, തടപ്പറമ്പ്, വെള്ളരിച്ചാൽ പ്രദേശങ്ങളിലെ ജനങ്ങൾക്ക് മുക്കം നഗരവുമായി ബന്ധപ്പെടാൻ പ്രയാസമായി. തൃക്കുടമണ്ണ ക്ഷേത്ര ദർശനത്തിനെത്തുന്നവർക്ക് അക്കര കടക്കാനും ബുദ്ധിമുട്ടായി. നിലവിൽ ഏറെ ദൂരം ചുറ്റി അഗസ്ത്യൻ മുഴി കടവ് പാലത്തെയോ മുക്കം കടവ് പാലത്തെയോ ആശ്രയിച്ചാണ് ജനം യാത്ര ചെയ്യുന്നത്. ഇത് സമയനഷ്ടവും ധനനഷ്ടവുമാണ് പ്രദേശവാസികൾക്ക് ഉണ്ടാക്കുന്നത്.

ആവശ്യം പുതിയ പാലം

2009 ലാണ് പൊതുജനങ്ങളുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് കാശ്ശേരി പഞ്ചായത്ത് ഇവിടെ തൂക്കുപാലം നിർമ്മിച്ചത്. തകർന്ന പാലത്തിനു പകരം തൂക്കുപാലമോ കോൺക്രീറ്റ് പാലമോ നിർമ്മിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് തൃക്കുടമണ്ണ ശിവക്ഷേത്ര സമിതിയും സമിതി ഭാരവാഹികൾ നേതൃത്വം നൽകുന്ന നാട്ടുകാരുടെ ആക്ഷൻ കമ്മിറ്റിയും ഇതിനകം കാരശ്ശേരി പഞ്ചായത്ത് അധികൃതർക്കടക്കം അപേക്ഷ നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. തകർന്ന പാലം സ്ഥിതി ചെയ്തിരുന്ന ഇരുവഞ്ഞിപുഴയുടെ ഒരു കര കാരശ്ശേരി പഞ്ചായത്തും മറുകര മുക്കം നഗരസഭയിലുമാണ്. തിരുവമ്പാടി നിയോജക മണ്ഡലത്തിലാണ് ഇരുകരകളും ഉൾപ്പെടുന്നത്.