 
മേപ്പാടി: ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് ശിഥിലമായ മുണ്ടക്കൈ ഗ്രാമവാസികൾ വീണ്ടും ഒത്തുകൂടി. മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തിലായിരുന്നു സംഗമം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വാടകയ്ക്ക് താമസിക്കുന്ന ദുരന്തബാധിതരാണ് മുണ്ടക്കൈ കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തത്. 149 പേർക്കാണ് മുണ്ടക്കൈ ഗ്രാമത്തിൽ മാത്രം ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടത്. റിസോർട്ടുകൾ, മദ്രസ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഓടിരക്ഷപ്പെട്ടവരും മുൻകരുതൽ സ്വീകരിച്ച മാറി താമസിച്ചവരും മാത്രമാണ് ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്. മുണ്ടക്കൈ ഗ്രാമത്തിലെ ജീവിതം തങ്ങൾ മറക്കാനാകില്ലെന്ന് ഗ്രാമവാസികൾ പറയുന്നു. വയനാട് ജില്ലയുടെ ഏറ്റവും അറ്റത്തുള്ള പ്രദേശമാണ് മുണ്ടക്കൈ. തൊട്ടപ്പുറത്ത് മലപ്പുറം ജില്ലയിലെ നിലമ്പൂർ വനമേഖലയാണ്. ദിവസവും കിലോമീറ്ററോളം സഞ്ചരിച്ചാണ് പ്രദേശവാസികൾ ജോലിക്കും മറ്റും പോയിരുന്നത്. മേപ്പാടി പഞ്ചായത്തിലെ പതിനൊന്നാം വാർഡ് ഉൾപ്പെടുന്ന മുണ്ടക്കൈയിൽ മാത്രം 400 ഓളം കുടുംബങ്ങൾ താമസിച്ചിരുന്നു. വെള്ളരിമലയിൽ നിന്നും ഉത്ഭവിചൊഴുകുന്ന പുഴയിലെ വെള്ളത്തിന്റെ നീരൊഴുക്ക് കണക്കാക്കിയായിരുന്നു പ്രദേശവാസികൾ മഴക്കാലത്ത് മുൻ കരുതലുകൾ സ്വീകരിച്ചിരുന്നത്. നേരത്തെ രണ്ട് ഉരുൾപൊട്ടലുകൾ പ്രദേശത്ത് നടന്നിട്ടുണ്ട്. എന്നാൽ അന്നൊന്നും കാര്യമായ ആളപായം ഉണ്ടായിരുന്നില്ല. 2020 ആയിരുന്നു ഏറ്റവും ഒടുവിൽ ഉരുൾപൊട്ടൽ നടന്നത്. അന്ന് പത്തോളം വീടുകൾ പൂർണമായും തകർന്നിരുന്നു. ആളുകൾ പരിക്കേൽക്കാതെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇപ്പോൾ നടന്നതുപോലെ വലിയ ദുരന്തം സംഭവിക്കുമെന്ന് പ്രദേശവാസികൾ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. 5 എസ്റ്റേറ്റ് പാടികളുമാണ് ഇവിടെ പൂർണ്ണമായും തകർന്നത്. വിദഗ്ധസമിതി റിപ്പോർട്ട് പ്രകാരം മുണ്ടക്കൈയിൽ ഇനി ജനവാസം സാധ്യമല്ല. അതിനാൽ തന്നെ ഇനി ഒരുമിച്ച് പഴയ രൂപത്തിൽ സന്തോഷത്തോടെ ജീവിക്കാൻ കഴിയില്ലല്ലോ എന്നതാണ് ഇവരുടെ സങ്കടം. രാവിലെ 9 മണിക്ക് ആരംഭിച്ച സംഗമം ഉച്ചയ്ക്കുശേഷമാണ് സമാപിച്ചത്. ടി സിദ്ധിഖ് എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. സ്ഥിരം പുനരധിവാസം നടക്കുമ്പോൾ മുണ്ടക്കൈ ഗ്രാമത്തിൽ അവശേഷിക്കുന്ന മുഴുവനാളുകളെയും ഒരു സ്ഥലത്ത് പുനരുധിവസിപ്പിക്കാൻ നടപടി വേണമെന്നാണ് കൂട്ടായ്മ ആവശ്യപ്പെടുന്നത്.
മുണ്ടക്കൈ ഗ്രാമവാസികൾ മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തിൽ ഒത്തുകൂടിയപ്പോൾ