
തിരുവമ്പാടി: ഇ.എസ്.എ കരട് വിജ്ഞാപനത്തിൽ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന ആവശ്യമുയർത്തി മലയോരമേഖലയിൽ പ്രതിഷേധം ആളിക്കത്തുന്നു. ഇന്നലെ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി.
പരാതി കൗണ്ടർ തുറന്നു
തിരുവമ്പാടി കർഷക കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടി ടൗണിൽ പരാതി കൗണ്ടർ തുറന്നു. രാവിലെ 10ന് ആരംഭിച്ച പരാതി കൗണ്ടറിലേക്ക് മലയോര മേഖലയിലെ പൊതുജനങ്ങൾ ഒഴുകിയെത്തി. ചടങ്ങ് കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ഷിജു ചെമ്പനാനി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ മുഖ്യപ്രഭാഷണം നടത്തി. സണ്ണി കാപ്പാട്ടുമല മനോജ് സെബാസ്റ്റ്യൻ വാഴപ്പറമ്പിൽ, ജിതിൻ പല്ലാട്ട്, ബിന്ദു ജോൺസൺ, രാമചന്ദ്രൻ കരിമ്പിൽ, ലിസി മാളിയേക്കൽ, ലിസി സണ്ണി, മേഴ്സി പുളിക്കാട്ട്, സജോ പടിഞാറെകുറ്റ്, ജുബിൻ മണ്ണുകുശുമ്പിൽ, അമൽ ടി.ജെയിംസ്, സുന്ദരൻ എം.പ്രണവം, സജി കൊച്ച്പ്ലാക്കൽ, ബേബിച്ചൻ കൊച്ചുവേലി എന്നിവർ പ്രസംഗിച്ചു.
ശക്തമായ സമരം നടത്തും: മുസ്ലിം ലീഗ്
പുതിയ ഇ.എസ്.എ കരട് വിജ്ഞാപനത്തിൽ ജനവാസ മേഖലകളെ ഉൾപ്പെടുത്തിയ നടപടി അംഗീകരിക്കില്ലന്നും ഇതിനെതിരെ ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും മുസ്ലിം ലീഗ് തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി പ്രസ്താവിച്ചു. ഇ.എസ്.എ പുതിയ കരട് പ്രഖ്യാപനത്തിൽ തിരുവമ്പാടി നിയോജകമണ്ഡലത്തിലെ പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകളിലെ ജനവാസ മേഖലകൾ പരിസ്ഥിതി ലോല പ്രദേശമായി ഉൾപ്പെടുത്തിയതിൽ ജനങ്ങൾ വലിയ ആശങ്കയിലാണ്. പുതിയ കരട് മാപ്പ് സംസ്ഥാന സർക്കാർ പ്രസിദ്ധപ്പെടുത്തിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മുസ്ലിം ലീഗ് കുറ്റപ്പെടുത്തി.
തിരുവമ്പാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കോയ പുതുവയൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ഷൗക്കത്തലി.കെ.എം, ട്രഷറർ സിയാദ് പരിയാടത്ത് ഭാരവാഹികളായ മോയിൻ കാവുങ്ങൽ, സാഫിർ ദാരിമി, അസ്ക്കർ ചെറിയമ്പലം, റഫീഖ് തെങ്ങും ച്ചാലിൽ, റഫീഖ്.എം.എസ് എന്നിവർ സംബന്ധിച്ചു.
സമയപരിധി നീട്ടണം: പഞ്ചായത്ത് ഭരണസമിതി ഇ.എസ്.എ അന്തിമ വിജ്ഞാപനം ഇറക്കുന്നതിനുമുമ്പ് ജനങ്ങളുടെ ആശങ്കയകറ്റുന്നതിനും ജനങ്ങൾക്ക് സംസ്ഥാനം സമർപ്പിക്കുന്ന കരട് നിർദ്ദേശങ്ങൾ പരിശോധിക്കാനും കൂടുതൽ സമയം അനുവദിക്കണമെന് തിരുവമ്പാടി പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തര യോഗം ഐക്യകണ്ഡേന സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ 2024ൽ അന്തിമ വിഞ്ജാപനം ഇറക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തോടും പഞ്ചായത്തുകളോടും റിപ്പോർട്ട് തേടിയതിന്റെ അടിസ്ഥാനത്തിൽ തിരുവമ്പാടി പഞ്ചായത്ത് അപാകതകൾ പരിഹരിച്ച് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് പ്രകാരം പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടാതെയാണ് കെ.എം.എൽ മാപ്പ് തയ്യാറാക്കി സംസ്ഥാന സർക്കാരിന് കൈമാറിയത്. സംസ്ഥാന സർക്കാർ റിപ്പോർട്ട് തയ്യാറാക്കിയതിന്റെ റിപ്പോർട്ട് നിലവിൽ ബയോഡൈവേഴ്സിറ്റിയുടെ വെബ്സൈറ്റിൽ ലഭ്യമാകാത്തതിനാലാണ് പഞ്ചായത്ത് അടിയന്തര യോഗം വിളിച്ച് വിഷയത്തിൽ കൂടുതൽ സമയം അനുവദിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടത്. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ അദ്ധ്യക്ഷത വഹിച്ചു. കെ.എ.അബ്ദുറഹിമാൻ, ലിസി മാളിയേക്കൽ, രാജു അമ്പലത്തിങ്കൽ, റംല ചേലയ്ക്കൽ, മുഹമ്മദലി.കെ.എം, മഞ്ജു ഷിബിൻ, കെ.എം.ബേബി, ലിസി സണ്ണി, മേഴ്സി പുളിക്കാട്ട്, ഷൈനി ബെന്നി, അപ്പു കോട്ടയിൽ, ബീന ആറാംപുറത്ത്, ഷൗക്കത്തലി.കെ.എം, രാമചന്ദ്രൻ കരിമ്പിൽ തുടങ്ങിയവർ സംസാരിച്ചു.