മേപ്പാടി: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തോടെ ഉപജീവനമാർഗ്ഗം നിലച്ച ടാക്സി ഡ്രൈവർമാർ സമരത്തിന് തയ്യാറെടുക്കുന്നു. കള്ളാടിയിൽ തൊള്ളായിരംകണ്ടിയിലേക്ക് സർവീസ് നടത്തിയിരുന്ന 150 ഓളം ടാക്സി ഡ്രൈവർമാരാണ് വരുമാനം പൂർണമായും ഇല്ലാതായതോടെ പ്രയാസപ്പെടുന്നത്. തൊള്ളായിരം കണ്ടി, സൂചിപ്പാറ വെള്ളച്ചാട്ടം ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ടതോടെ രണ്ടുമാസത്തിലധികമായി വാഹനം നിർത്തിയിട്ടിരിക്കുകയാണ്. ബാങ്ക് വായ്പ ഉൾപ്പെടെ മുടങ്ങിയതോടെ എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് ഡ്രൈവർമാർ. ചൂരൽമല, മുണ്ടക്കൈ, ഏലവയൽ തുടങ്ങിയ പ്രദേശങ്ങളിലെ ഡ്രൈവർമാരായിരുന്നു തൊള്ളായിരംകണ്ടി, അട്ടമല ഗ്ലാസ് ബ്രിഡ്ജ് എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തിയിരുന്നത്. മഴ കനത്തതോടെ ജൂലൈ പകുതിയോടെ തന്നെ ഈ കേന്ദ്രങ്ങൾ അടച്ചിട്ടിരുന്നു. അന്നു മുതൽ വരുമാനം മുടങ്ങി. ഇവിടെയും മുപ്പതിന് പുലർച്ചെ മഹാദുരന്തം സംഭവിച്ചതോട ഒരു മാസത്തോളം സൗജന്യ സേവനമാണ് ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഡ്രൈവർമാർ നടത്തിയത്. ഉരുൾപൊട്ടൽ ദുരന്തം നടന്നപ്പോൾ ആദ്യം ഓടിയെത്തിയത് പ്രദേശവാസികളായ ടാക്സി ഡ്രൈവർമാരായിരുന്നു. ഇങ്ങനെ നാടിനെ സേവിച്ച തങ്ങൾക്ക് വരുമാനം മുടങ്ങി രണ്ടുമാസം പിന്നിടുമ്പോഴും യാതൊരുവിധ ഇടപെടലും നടക്കുന്നില്ലെന്ന് ഇവർ പരാതിപ്പെടുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങൾ എത്രയും വേഗം തുറന്ന് അവൾക്ക് വരുമാനമാർഗ്ഗം കണ്ടെത്തുന്നതിനുള്ള അവസരം ഒരുക്കണമെന്നാണ് ഡ്രൈവർമാർ ആവശ്യപ്പെടുന്നത്. ഈ ആവശ്യം ഉന്നയിച്ച് ടൂറിസം വകുപ്പ് മന്ത്രി, ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകിയിട്ടുണ്ട്. മൂന്ന് ടാക്സി ഡ്രൈവർമാർ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണപ്പെട്ടിരുന്നു. 50 ഓളം ഡ്രൈവർമാരുടെ വീടുകൾ ദുരന്തത്തിനിരയായി. നിരവധി ടാക്സി ജീപ്പുകൾ മണ്ണിനടിയിലായി. മേപ്പാടിയിലോ മറ്റു ടൗണുകളിലോ സർവീസ് നടത്തിയാൽ ഓട്ടം കിട്ടാത്ത അവസ്ഥയാണ്. അതിനാൽ തന്നെ എത്രയും വേഗം വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാൻ നടപടി വേണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
ടൂറിസം കേന്ദ്രങ്ങൾ അടഞ്ഞു കിടക്കുന്നതിനാൽ വരുമാനം നിലച്ച ടാക്സി ജീപ്പുകൾ