
തിയേറ്ററിൽ പരാജയമായ സിനിമകൾ ഒ.ടി.ടിയിൽ ഹിറ്റായ ചരിതം മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാൽ ലാപതാ ലേഡീസ് എന്ന ഹിന്ദി ചിത്രത്തിന്റെ യാത്ര അവിടേയും അവസാനിക്കുന്നതായിരുന്നില്ല. ഒ.ടി.ടിയിൽ പ്രേക്ഷകർ ഏറ്റുവാങ്ങിയ ചിത്രം അവിടുന്ന് നേരെ പോയത് ഓസ്ക്കാർ എൻട്രിയിലേക്കാണ്... സിനിമാക്കഥപോലെ തോന്നിപ്പിക്കുന്നതാണ് ലാപതാ ലേഡീസ് (കാണാതായ പെണ്ണുങ്ങൾ) എന്ന ചിത്രത്തിന്റെ യാത്രയും. 2024 മാർച്ച് ഒന്നിന് ആമിർ ഖാനും ജ്യോതി ദേശ്പാണ്ഡെയും ചേർന്ന് നിർമിച്ച്, കിരൺ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ് എന്ന സിനിമ റിലീസായത്. പുതുമുഖങ്ങളെ കേന്ദ്രപാത്രങ്ങളാക്കി ഇന്ത്യൻ ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ചെറിയചിത്രം. ബിപ്ലവ് ഗോസ്വാമിയുടെ ചെറുകഥയെ ആധാരമാക്കിയായിരുന്നു കിരൺ റാവു ഈ സിനിമയൊരുക്കിയത്. തിയേറ്ററിൽ കാണാനാളില്ലാതെ വന്നതോടെ സിനിമ തഴയപ്പെട്ടു. പിന്നീട് ഏപ്രിൽ 26 ന് സിനിമ ഒ.ടി.ടിയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തി. പിന്നീടുള്ള ദിവസങ്ങളിൽ കണ്ടത് സിനിമയെ വെല്ലുന്ന ട്വിസ്റ്റ്. പറഞ്ഞറിഞ്ഞും കേട്ടറിഞ്ഞും നിരവധി പേരാണ് ഒ.ടി.ടിയിൽ സിനിമ കാണാണെത്തിയത്. തിയേറ്റർ റിലീസിന് ശേഷം ഹിറ്റായി മാറിയ സിനിമയെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി. 5 കോടി രൂപ മുതൽമുടക്കിൽ ഒരുക്കിയ ചിത്രം 23 കോടിയാണ് നേടിയത്. ബിപ്ലബ് ഗോസ്വാമിയാണ് തിരക്കഥ. ലോക സിനിമാ റിവ്യൂ പ്ലാറ്റ് ഫോം 'ലെറ്റര്‍ ബോക്‌സ്' പുറത്തിറക്കിയ പട്ടികയില്‍ 15-ാം സ്ഥാനത്താണ് ലാപതാ ലേഡീസിന്റെ സ്ഥാനം.
ലാപതാ ലേഡീസ് (കാണാതായ പെണ്ണുങ്ങൾ)
വടക്കേ ഇന്ത്യയിലെ ഒരു സാങ്കൽപ്പിക ഗ്രാമത്തിൽ നടക്കുന്ന സംഭവത്തെയാണ് സിനിമ അവതരിപ്പിച്ചിരിക്കുന്ന ചിരിപ്പിക്കുന്നതിനൊപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട്.. വിവാഹിതയാകുന്ന രണ്ട് സ്ത്രീ ജീവിതങ്ങളെ ആസ്പദമാക്കി ഇന്ത്യൻ ഗ്രാമീണ യുവതികളുടെ ജീവിതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. വിവാഹശേഷം ട്രെയിനിൽ ദൂര ദേശത്തുള്ള ഭർത്താവിന്റെ വീട്ടിലേക്ക് യാത്ര ചെയ്യുന്ന രണ്ടു നവവധുക്കളിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. ഒരേ പോലെ വിവാഹവസ്ത്രം ധരിച്ച്, മുഖം മറച്ചുകൊണ്ടുള്ള ആ യാത്രയിൽ സംഭവിക്കുന്ന അബദ്ധമാണ് പിന്നീടുള്ള സിനിമ. അർദ്ധരാത്രിയിൽ സ്റ്റേഷനിലെത്തിയ തിരക്കിൽ വധുവിന്റെ കൈപിടിച്ച ഇറങ്ങുന്ന വരന് ആൾമാറി പോകുന്നു. വീട്ടിലെത്തിയപ്പോൾ ഇത് തിരിച്ചറിയുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ഫൂൽ കുമാരി, ജയ സിംഗ്, ദീപക് കുമാർ എന്നീ കേന്ദ്രകഥാപാത്രങ്ങളെ യഥാക്രമം നിതാൻഷി ഗോയൽ, പ്രതിഭ രത്ന, സ്പർശ് ശ്രീവാസ്തവ് എന്നിവരാണ് അവതരിപ്പിച്ചിരിക്കുന്നത്. മൂടുപടത്തിനു പുറത്തു വരാനാവാത്ത, ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കാനോ, കഴിക്കാനോ സാധിക്കാത്ത, ഭർത്താവിന്റെ പേര് ഉറക്കെ പറയാൻ അനുവാദമില്ലാത്ത, സ്വന്തമായി ഒന്നും ചെയ്യരുതാത്ത സ്ത്രീകളുടെയും ചിത്രമാണ് സിനിമയിലുട നീളമുള്ളത്. ഉപരിപഠനവും ജോലിയുമടക്കമുള്ള സ്വപ്നങ്ങളുമായി ജയയും പഴയ വിവാഹ ചിന്തകൾ മനസിലുറച്ചുപോയ ഫൂലും ആണ് സ്വന്തം വ്യക്തിത്വം നഷ്ടപ്പെട്ടുപോകുന്ന സ്ത്രീകൾ. ഇവർ രണ്ടുപേരും ഈ സാഹചര്യങ്ങളെ മറികടക്കുന്നിടത്ത് സിനിമ പൂർണമാകുന്നു.
സിനിമയിൽ 'കാണുന്ന പെണ്ണുങ്ങൾ"
ചിത്രത്തിൽ ഉച്ചത്തിൽ രാഷ്ട്രീയം അവതരിപ്പിക്കുന്നത് ഫൂലിന് അഭയമാകുന്ന മഞ്ജുമായിയാണ്. റെയിൽവേ സ്റ്റേഷനിൽ ഭക്ഷണമുണ്ടാക്കി വിറ്റ് ജീവിക്കുന്ന മായി സ്വാതന്ത്രയാണ്. മായി പറയുന്നത്, സ്ത്രീകൾക്ക് അവസരങ്ങളൊക്കെയും നിഷേധിക്കപ്പെടുന്നതിനു കാരണം ആണുങ്ങളുടെ ഭയമാണെന്നാണ്. 'സ്ത്രീകൾക്കു കൃഷി ചെയ്യാനറിയാം, ഉണ്ടാക്കിയത് പാകം ചെയ്തു ഭക്ഷിക്കാനുമറിയാം. കുട്ടികളെ പ്രസവിക്കാനും അറിയാം, അവരെ വളർത്താനും അറിയാം. യഥാർത്ഥത്തിൽ സ്ത്രീക്ക് ജീവിക്കാൻ പുരുഷന്റെ ആവശ്യമേ വരുന്നില്ല എന്നാണ്. റെയിൽവേ സ്റ്റേഷനിൽ ഒറ്റപ്പെട്ടുപോകുന്ന ഫൂലിന് തുണയാക്കുന്നത് മഞ്ജുമായി ആണ്. വീടിനുള്ളിലാണ് സ്ത്രീയുടെ ജീവിതം എന്ന് വിശ്വസിക്കുന്ന ഫൂലിന്റെ പഴഞ്ചൻ ധാരണകളെയെല്ലാം പൊളിച്ചെഴുതുന്നതും അവരാണ്. വിവാഹജീവിതം വേർപ്പെടുത്തി സ്വതന്ത്ര്വയായി ജീവിക്കുന്ന മഞ്ജുമായി എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച സ്ത്രീ കഥപാത്രമാണ്. ഒറ്റയ്ക്ക് ധീരതയോടെ ജീവിക്കുന്ന മഞ്ജുമായി ഫൂലിനുള്ളിൽ പുതിയൊരു സ്ത്രീയെ സൃഷ്ടിച്ചെടുക്കുന്നുണ്ട്.
എന്നാൽ ജയ വിദ്യാഭ്യാസമുള്ള സ്ത്രീയാണ്. തനിക്ക് ലഭിച്ച അപരിചിത സാഹചര്യത്തെ ഉപയോഗപ്പെടുത്തി പാതിവഴിയിൽ മുറിഞ്ഞുപോയ തന്റെ ഉപരിപഠന സ്വപ്നത്തെ സാക്ഷാത്കരിക്കാനാണ് ജയ ശ്രമിച്ചത്. സാഹചര്യം എങ്ങനെ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കണമെന്ന് ജയക്കറിയാം. ഭർത്താവിന് പേര് പറയാൻ പോലും മടിക്കുന്ന ദീപകിന്റെ വീട്ടിലെ സ്ത്രീകളിൽ വലിയ മാറ്റം സൃഷ്ടിക്കാൻ ജയക്ക് സാധിക്കുന്നുണ്ട്.
വേറിട്ട കഥാപരിസരം
പൊതുവെ കണ്ടുവരുന്നതിൽ നിന്ന് മാറിയ വ്യത്യസ്ഥ കഥാ പരിസരമാണ് ചിത്രത്തിന്റേത്. മാസ് മസാലയും പൊതുധാരണകളും മാത്രം കുത്തിനിറച്ച് സിനിമകൾ നിർമ്മിച്ചാൽ മാത്രമേ ജനം സ്വീകരിക്കൂ എന്ന അലിഖിത ധാരണകളെ ചിത്രം തച്ചുടക്കുന്നു. അഭിനേതാക്കളുടെ താരമൂല്യമോ, ബ്രഹ്മാണ്ഡ സെറ്റുകളോ, പൊടിക്കുന്ന കോടികളോ അല്ല, കഥയാണ് സൂപ്പർസ്റ്റാർ എന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് ലാപതാ ലേഡീസിന് ലഭിച്ച സ്വീകാര്യത. സ്വപ്നങ്ങളും ആഗ്രഹങ്ങളും വേണ്ടെന്ന് വച്ച് വിവാഹത്തിന് മുന്നിൽ മുട്ടുകുത്തേണ്ടി വരുന്ന ഒരുപാട് ഇന്ത്യൻ ഗ്രാമീണ പെൺകുട്ടികളുടെ കഥകൂടിയാണിത്. ഈ വർഷം പ്രദർശനത്തിനെത്തിയതിൽ പ്രേക്ഷകർ വലിയ രീതിയിൽ ചർച്ച ചെയ്ത ഒരേയൊരു ഹിന്ദി ചിത്രമായിരിക്കും ലാപതാ ലേഡീസ്.
ഹനു-മാൻ, കൽക്കി 2898 എ.ഡി, ആനിമൽ, ചന്തു ചാമ്പ്യൻ, സാം ബഹദൂർ, സ്വാതന്ത്ര്യ വീർ സവർക്കർ, ഗുഡ് ലക്ക്, ഘരത് ഗണപതി, മൈതാനം, ജോറാം, കൊട്ടുകാലി, ജമ, ആർട്ടിക്കിൾ 370, ആട്ടം, ആടുജീവിതം, ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, തങ്കലാൻ, വാഴൈ, ഉള്ളൊഴുക്ക്, ശ്രീകാന്ത് എന്നിങ്ങനെ 29 ചിത്രങ്ങളെ മറികടന്നാണ് ലാപതാ ലേഡീസ് ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ ചിത്രമായത്. ഇതിൽ തന്നെ തങ്കലാൻ, വാഴൈ, ഉള്ളൊഴുക്ക്, ശ്രീകാന്ത് എന്നിവയും 'ലാപതാ ലേഡീസു'മാണ് ജൂറിയുടെ അവസാന അഞ്ച് സിനിമകളിൽ ഇടം നേടിയത്. കഴിഞ്ഞ വർഷത്തെ എൻട്രി ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018 ആയിരുന്നു. എന്നാൽ ചിത്രം, 96-ാമത് അക്കാഡമി അവാർഡിന്റെ ഷോർട്ട്‌ലിസ്റ്റിൽ ഇടം നേടിയില്ല. തൊട്ടു മുൻപത്തെ വർഷം, എസ്.എസ് രാജമൗലിയുടെ ആർ.ആർ.ആറിലെ നാട്ടു നാട്ടു ഗാനം മികച്ച ഒറിജിനൽ ഗാനത്തിനുള്ള അക്കാഡമി അവാർഡ് നേടി ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചു. കാർത്തികി ഗോൺസാൽവസിൻ്റെയും ഗുണീത് മോംഗയുടെയും ഡോക്യുമെന്ററി ദ എലിഫന്റ് വിസ്‌പറേഴ്‌സ് മികച്ച ഡോക്യുമെന്റ്റി (ഹ്രസ്വചിത്രം) വിഭാഗത്തിലും വിജയിച്ചിരുന്നു. ഷൗനക് സെന്നിന്റെ ഓൾ ദ ബ്രീത്ത്സ് മികച്ച ഡോക്യുമെന്റെറി ഫീച്ചറിന്റെ അന്തിമ പട്ടികയിൽ ഇടം നേടുകയും ചെയ്തു.