
ബേപ്പൂർ: ബി.സി റോഡിലെ കൃഷിഭവന് സമീപം 15 വർഷത്തോളമായി കാടുപിടിച്ച് കിടക്കുന്ന വർണ്ണം അലക്ക് കമ്പനി പ്രവർത്തിച്ചിരുന്ന ഇരുനില കെട്ടിടം വാടകക്കാരിയിൽ നിന്ന് തിരിച്ചെടുക്കാൻ കോർപ്പറേഷൻ കൗൺസിൽ തീരുമാനം. 10 വർഷത്തോളം സ്വകാര്യവ്യക്തി വാടക നൽകാതെ കൈവശം വച്ചിരുന്ന കെട്ടിടത്തിന്റെ വാടക കുടിശ്ശിക പിരിച്ചെടുക്കാനും തീരുമാനിച്ചു. കുടുംബശ്രീ ഫ്ലോർമിൽ, അച്ചാർ യൂണിറ്റ്, ഹോട്ടൽ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന കെട്ടിടം പിന്നീട് അലക്ക് കമ്പനിയായി മാറുകയായിരുന്നു. സമീപത്തെ ഈർച്ചമില്ലുകളിൽ നിന്നും റോഡരുകിൽ നിന്നുമുള്ള പൊടിശല്യവും വെള്ളത്തിന്റെ ലഭ്യതക്കുറവുമാണ് അലക്ക് കമ്പനി പ്രവർത്തനം നിറുത്താൻ കാരണമായത്.
വിഷയത്തിൽ പ്രതിഷേധം ശക്തമായതിനെത്തുടർന്നാണ് കെട്ടിടം തിരിച്ചെടുക്കാൻ കോർപ്പറേഷൻ തീരുമാനിച്ചത്. സർക്കാർ കെട്ടിടം വാടക സ്വീകരിക്കാതെ നൽകിയതിന്റെ പേരിൽ വിജിലൻസ് അന്വേഷണവും നടക്കുന്നുണ്ട്. അലക്ക് കമ്പനിക്ക് സമീപം താമസിക്കുന്ന വ്യക്തിയുടെ പരാതിയിലാണ് അന്വേഷണം നടക്കുന്നത്.
ബേപ്പൂർ പൊലീസ് സ്റ്റേഷൻ കെട്ടിടം പോലും വാടക കെട്ടിടത്തിൽ പ്രവർത്തിക്കുമ്പോഴാണ് ഇത്തരം സർക്കാർ കെട്ടിടങ്ങൾ നോക്കുകുത്തികളാകുന്നത്. ബേപ്പൂർ- ചെറുവണ്ണൂർ റോഡ് വീതി കൂട്ടുമ്പോൾ ഈ കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ സിംഹഭാഗവും നഷ്ടപ്പെടാനും സാദ്ധ്യതയുണ്ട്.