കൊയിലാണ്ടി: പച്ചതേങ്ങയ്ക്ക് പത്ത് വർഷത്തിനിടെയുള്ള ഏറ്റവും വലിയവിലയാണ് ഈ സീസണിൽ ലഭിക്കുന്നത്. കിലോയ്ക്ക് 46 രൂപയ്ക്കാണ് നാട്ടിൻപുറങ്ങളിൽ പച്ച തേങ്ങയെടുക്കുന്നത്. വരു ദിവസങ്ങളിലും വില ഉയരുമെന്നാണ് കച്ചവടക്കാർ പറയുന്നത്. എന്നാൽ പച്ചതേങ്ങയുടെ ഉത്പാദനം ഗണ്യമായി കുറയുകയാണെന്നാണ് നാളികേര കർഷകർ പറയുന്നത്. ആഴ്ചയിൽ മൂന്നും നാലും ലോഡുകൾ മാത്രമാണ് തമിഴ്നാട്ടിലേക്ക് കയറ്റുന്നതെന്ന് കച്ചവടക്കാർ പറയുന്നു. ഓണത്തിന് പച്ച തേങ്ങയുടെ വില കിലോയ്ക്ക് 30 രൂപയായിരുന്നു. അതിനുശേഷമാണ് വിലവർദ്ധിച്ചത്.
വിലവർദ്ധിച്ചതോടെ നാട്ടിൻപുറങ്ങളിൽ തേങ്ങ വലിക്കാനും പൊളിക്കാനും വലിയ തിരക്കായിരിക്കുകയാണ്. കേരകർഷകരും തേങ്ങ പറിപ്പിക്കാനും പൊളിച്ച് വില്പനയ്ക്കും തയ്യാറെടുക്കുകയാണ്.
കച്ചവടക്കാർ മത്സരത്തിൽ
തേങ്ങ വലിക്കാൻ തെങ്ങൊന്നിന് 50 രൂപയും പൊളിക്കാൻ ആയിരത്തിന് 1,200 രൂപയുമാണ് നിരക്ക്. കച്ചവടക്കാരും മത്സരരംഗത്താണ്. തേങ്ങയുള്ള വീട്ടിലെത്തി ഗുണനിലവാരം നോക്കി വില പറഞ്ഞെടുക്കുന്ന രീതിയാണ് നിലവിലുള്ളത്. കേരളത്തിൽ മികച്ച ഗുണനിലവാരമുള്ള തേങ്ങ ലഭിക്കുന്നത് കോഴിക്കോട് ജില്ലയിൽ നിന്നാണ്.