photo
ഖാസി ഫൗണ്ടേഷൻ കോഴിക്കോട് ജില്ല മഹല്ല് സാരഥി സംഗമം ബാലുശ്ശേരിയിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: ന്യൂനപക്ഷ ഐക്യവും വോട്ടുകളുടെ ഏകീകരണവും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അത്ഭുതം സൃഷ്ടിക്കാൻ കഴിയുമെന്ന് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാൽ വ്യക്തമാകുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഖാസി ഫൗണ്ടേഷൻ കോഴിക്കോട് ജില്ല മഹല്ല് സാരഥി സംഗമം ബാലുശ്ശേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒന്നും രണ്ടും മോദി സർക്കാരിൽ ചർച്ചകൾ കൂടാതെ പല കരിനിയമങ്ങളും പാസാക്കിയവർക്ക് ഇപ്പോൾ അതിന് സാധിക്കുന്നില്ല. വഖഫ് വിഷയത്തിൽ ഇതാണ് നാം കണ്ടത്. ശക്തമായ പ്രതിപക്ഷവും പ്രതിപക്ഷ നേതാവും ഉണ്ടായത് ന്യൂനപക്ഷ ഏകീകരണത്തിന്റെ ഫലമായാണ്. വ്യത്യസ്തതകളും വിയോജിപ്പുകളും നിലനിർത്തിക്കൊണ്ട് തന്നെ യോജിപ്പിന്റെ മേഖല സൃഷ്ടിക്കുക എന്നതാണ് മുൻ കാല നേതാക്കൾ നമ്മെ കാണിച്ചു തന്നത്. ഇങ്ങനെയുള്ള യോജിപ്പുകൾ മഹല്ല് തലത്തിൽ സാദ്ധ്യമാക്കുന്നതിന് ഖാസി ഫൗണ്ടേഷൻ പ്രവർത്തനം ഊർജ്ജിതപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ആർ.വി. കുട്ടിഹസൻ ഹാജി അദ്ധ്യക്ഷത വഹിച്ചു. ഡോ. എം.കെ. മുനീർ എം.എൽ.എ,​ ഡോ. ബഹാബുദ്ദീൻ നദ് വീ, അബ്ദുൾ സമദ് പൂക്കാട്ടൂർ, നാസർ ഫൈസി കൂടത്തായി, ഡോ. റാഷിദ് ഖലാസി പെരുവയൽ,സലീം എടക്കര എന്നിവർ ക്ലാസെടുത്തു. ഹംസ വഹാബി തങ്ങൾ, യൂസഫ് തങ്ങൾ, ടി.പി.സി. മുഹമ്മദ് കോയ ഫൈസി, ഉമ്മർ പാണ്ടികശാല, എം.എ.റസാഖ്, പി.എം. ഉമ്മർ, കെ.എ.ഖാദർ, അഹമ്മദ് പുന്നക്കൽ, എസ്.പി. കുഞ്ഞമ്മദ്, സൂപ്പി നരിക്കാട്ടേരി എന്നിവർ പ്രസംഗിച്ചു. അബൂബക്കർ ഫൈസി സ്വാഗതവും അഹമ്മദ് കുട്ടി ഉണ്ണികുളം നന്ദിയും പറഞ്ഞു.