കോഴിക്കോട് : ഗവ. മാനസികാരോഗ്യ കേന്ദ്രത്തിൽ അനസ്തെറ്റിസ്റ്റ് ഇല്ലാത്തതിനെ തുടർന്ന് ഇലക്ട്രോൺ കൺവസ്ലീവ് തെറാപ്പി ( ഇ സി.ടി.) മുടങ്ങിയതിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. സംഭവത്തിൽ അന്വേഷണം നടത്തി ആശുപത്രി സൂപ്രണ്ട് വിശദീകരണം നൽകണമെന്ന്കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. ഒരാഴ്ചക്കകം വിശദീകരണം നൽകണം. ആറ് രോഗികൾക്ക് വീതം രണ്ടു ദിവസം എന്ന ക്രമത്തിൽ നൽകുന്ന ചികിത്സയാണ് മുടങ്ങിയത്. ഇ.സി.ടി.ചികിത്സയ്ക്ക് അനസ്തെറ്റിസ്റ്റിന്റെ സേവനം നിർബന്ധമാണ്. അനസ്തീസിയ നൽകിയ ശേഷം തലച്ചോറിലേക്ക് നേരിയ തോതിൽ വൈദ്യുതി കടത്തിവിടുന്ന ചികിത്സയാണ്. ഒരു മാസം മുമ്പ് പുനസ്ഥാപിച്ച ചികിത്സയാണ് മുടങ്ങിയത്. ആഴ്ചയിൽ ഒരു ദിവസം ഗവ.ജനറൽ ആശുപത്രിയിലേയും കോട്ടപറമ്പ് ആശുപത്രിയിലെയും അനസ്തെറ്റിസ്റ്റിന്റെ സേവനമാണ് മാനസികാരോഗ്യകേന്ദ്രത്തിൽ ലഭ്യമാകുന്നത്. ഓരോ രോഗിക്കും ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം തുടർച്ചയായി നടത്തേണ്ട ചികിത്സ മുടങ്ങാൻ പാടില്ലെന്നും മാനസികാരോഗ്യ കേന്ദ്രത്തിൽ അനസ്തെറ്റിസ്റ്റ് നിയമനം നടത്തണമെന്നും ഉത്തരവിൽ നിർദ്ദേശിച്ചു. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയ എടുത്ത കേസിലാണ് നടപടി.