
കോഴിക്കോട്: കണ്ണാടിക്കലിലെ മൂലാടിക്കുഴി പ്രേമന്റെയും ഷീലയുടെയും മകനായ അർജുന്റെ വീടും പരിസരവുമെല്ലാം നാട്ടുകാരാൽ നിറയുകയാണ്. അവർക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നു അർജുൻ. തിരിച്ചറിയാൻ പാകത്തിലല്ലെങ്കിലും അവനെ അവസാനമായി ഒരു നോക്ക് കാണണം. എല്ലാവരുടെയും ആഗ്രഹം അതാണ്.
'ജീവനോടെ അർജുനേട്ടനെ കിട്ടുമെന്നായിരുന്നു പ്രതീക്ഷ, അതിനായി പ്രാർത്ഥിച്ചു. പിന്നീട് യാഥാർത്ഥ്യം ഉൾക്കൊണ്ടപ്പോൾ ഒരു തുമ്പെങ്കിലും കിട്ടണേയെന്നായി. ഇപ്പോൾ ഗംഗാവലിയിൽ നിന്ന് ലോറിക്കൊപ്പം അർജുനേട്ടനെയും കിട്ടി. ജീവനില്ലെങ്കിലും അത്രയും ആശ്വാസം..." ഷിരൂരിൽ നിന്നുള്ള വാർത്തയറിഞ്ഞ് വിതുമ്പലോടെ അർജുന്റെ ഭാര്യ കൃഷ്ണപ്രിയ പറഞ്ഞു.
അർജുനെ കാണാതായതുമുതൽ അവിടെ കഴിയുന്ന ആളാണ് സഹോദരി ഭർത്താവ് ജിതിൻ. തെരച്ചിലിന്റെ ഓരോ ഘട്ടത്തിലും അയാളുണ്ടായിരുന്നു. ഒടുവിൽ പുഴയ്ക്കുള്ളിൽ നിന്ന് ട്രക്ക് പുറത്തേക്ക് വരുമ്പോൾ ആരോടൊക്കെയോ നന്ദി പറയാനുണ്ടെന്ന് ജിതിൻ ചിന്തിച്ചു.
' തിരിച്ചറിയാനൊന്നുമില്ല. ഇത് അർജുനാണ്. സാങ്കേതിക തടസങ്ങളെല്ലാം ഒഴിവായി മൃതദേഹം എത്രയും പെട്ടെന്ന് വീട്ടിലെത്തിക്കണം. രണ്ടുമാസമായിട്ടും ഒരു പ്രതീക്ഷയുമില്ലാതായപ്പോൾ അർജുന്റെ സഹോദരി അഞ്ജുവും ഭർത്താവ് ജിതിനൊപ്പം ഗംഗാവലി പുഴയ്ക്കരികിലെത്തിയിരുന്നു. അവനെ കിട്ടിയാലും ഇല്ലെങ്കിലും ഇനിയീ പുഴ തങ്ങളുടേതുകൂടിയാണെന്നും ഇടയ്ക്കിടെ ഇവിടെ വരുമെന്നുമായിരുന്നു അവളുടെ വാക്കുകൾ.
ജൂലായ് 15ന് ബെൽഗാമിൽ നിന്ന് തടിയുമായി എടവണ്ണയിലേക്ക് വരികയായിരുന്നു അർജുൻ. 16ന് കാണാതായി. പ്രതികൂല കാലാവസ്ഥയും പുഴയിൽ നിന്ന് മണ്ണ് നീക്കാൻ സാധിക്കാതെ വന്നതിനാലും തെരച്ചിൽ ദിവസങ്ങളോളം അനിശ്ചിതത്വത്തിലായിരുന്നു. കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് ആഗസ്റ്റ് 16ന് ഷിരൂരിലെ തെരച്ചിൽ അവസാനിപ്പിച്ചു. അർജുന്റെ കുടുംബം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് അഭ്യർത്ഥിച്ചതിനു പിന്നാലെയാണ് തെരച്ചിൽ പുനരാരംഭിച്ചത്. ഇതോടെയാണ് ഷിരൂരിൽ ഡ്രഡ്ജർ എത്തിച്ച് തെരച്ചിൽ നടത്തിയത്. തെരച്ചിൽ അനന്തമായി നീണ്ടപ്പോൾ സർക്കാരിടപെട്ട് ഭാര്യ കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സഹകരണ ബാങ്കിൽ ക്ലeർക്കായി ജോലി നൽകിയിരുന്നു. ഒരുവയസുകാരനായ അയാൻ മകനാണ്.