സുൽത്താൻ ബത്തേരി: അനധികൃത മദ്യവിൽപ്പനക്കാർക്കെതിരെ പൊലീസിലും എക്‌സൈസും കർശന നടപടിയാരംഭിച്ചു. മദ്യവിൽ പ്പന നടത്തുന്നവരെന്ന് സംശയിക്കപ്പെടുന്ന 5 പേരോട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനും നിർദ്ദേശിച്ചു. മദ്യ കച്ചവടക്കാരുടെ ശല്യം സഹിക്കവയ്യാതെ ഗതികെട്ട വീട്ടമ്മമാർ കഴിഞ്ഞ ദിവസം ഇവർക്കെതിരെ പ്രതിരോധവുമായി തെരുവിലിറങ്ങിയിരുന്നു. പ്രദേശത്ത് മദ്യവിൽപ്പന നടത്തുന്നവരെന്ന് പറയപ്പെടുന്ന ആളുകളോട് ദിവസവും ബത്തേരി പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് അറിയിച്ചത്. ഇതിന് പുറമെ പ്രദേശത്ത് പൊലീസിന്റെ പ്രത്യേക നിരീക്ഷണവും ഉണ്ടായിരിക്കും. അതെ സമയം എക്‌സൈസ് വൈകുന്നേരം 5 മുതൽ രാത്രി ഒമ്പതരവരെ പ്രത്യേക പട്രോളിംഗും പ്രദേശത്ത് നടത്തും. പൊലീസും വനം വകുപ്പുമായി പ്രത്യേക നിരീക്ഷണവും നടത്തും. മദ്യവിൽപ്പനക്കാർക്കെതിരെ പൊലീസും എക്‌സൈസും ശക്തമായ നടപടി ആരംഭിച്ചതോടെ ഇവർ മറ്റ് സ്ഥലങ്ങൾ കേന്ദ്രീകരിച്ച് മദ്യവിൽപ്പന നടത്താൻ സാധ്യതയുണ്ടെന്നതിനാൽ മറ്റ് മേഖലകളിലേക്കും നിരീക്ഷണം വ്യാപിപ്പിക്കും. പൊലീസും എക്‌സൈസും ഇന്നലെ സ്ഥലത്ത് ക്യാമ്പ് ചെയ്താണ് മദ്യകച്ചവടക്കാർക്കെതിരെ നടപടി തുടങ്ങിയത്. ബീവറേജ് ഔട്ട്‌ലെറ്റിൽ നിന്ന് മദ്യമെത്തിച്ചാണ് കച്ചവടം നടത്തുന്നത്. മദ്യവിൽപ്പനക്കെതിരെ പ്രതികരിക്കുന്നവരെ ഭീഷണിപ്പെടുത്തിയാണ് കച്ചവടക്കാർ പ്രദേശത്ത് രാപകൽ വിത്യാസമില്ലാതെ മദ്യം വിൽപ്പന നടത്തി വന്നത്. ഇവരുടെ പരാക്രമം സ്ത്രീകൾക്കും കുട്ടികൾക്കും നേരെ തിരിഞ്ഞതോടെയാണ് പ്രദേശത്തെ സ്ത്രീ ജനങ്ങൾ പ്രതിരോധിക്കുന്നതിനായി കഴിഞ്ഞ ദിവസം രംഗത്തിറങ്ങിയത്.