
പേരാമ്പ്ര: ഗതാഗത വികസനത്തിൽ പൊൻ തൂവലായ മലയോര ഹൈവേ പ്രവൃത്തി ഉടൻ പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഹൈവേ നിലവിൽ വരുന്നതോടെ ഗ്രാമീണ മേഖലയിലെ ഗതാഗത പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ജനം. ഗ്രാമീണ റോഡ് കടന്നുപോകുന്ന ഒറ്റക്കണ്ടം, പന്തിരിക്കര റോഡിൽ കുറ്റ്യാടി ഇറിഗേഷൻ വകുപ്പിൽ നിന്ന് ലഭിക്കേണ്ട ഭൂമിയുടെ സർവേ നടപടികൾ വൈകുന്നതായാണ് പരാതി. ഈ ഭാഗത്ത് ജലസേചന വകുപ്പിന്റെ കനാൽ കടന്നുപോകുന്ന ചില മേഖലകളാണ് റോഡിനായി വിട്ടു നൽകേണ്ടത്.
റോഡിന് വേണ്ടിയുള്ള സ്ഥലങ്ങൾ അളന്ന് തിട്ടപ്പെടുത്തി റിപ്പോർട്ട് ഇറിഗേഷൻ വകുപ്പിന് കൈമാറി അനുമതി ലഭിച്ചെങ്കിൽ മാത്രമേ തുടർ നടപടികളിലേക്ക് നീങ്ങാൻ കഴിയുകയുള്ളൂവെന്നാണ് നാട്ടുകാർ പറയുന്നത്. ഒറ്റക്കണ്ടം ഹൈസ്കൂളിന് മുൻവശം മുതൽ പുല്ലാഞ്ഞിക്കാവിൽ വരെ ഒരു കിലോമീറ്ററോളം വരുന്ന സ്ഥലത്തെ ഭൂമി അളന്ന് തിട്ടപ്പെടുത്താനുണ്ട്. ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി മലയോര ഹൈവേ യാഥാർത്ഥ്യമാക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.