theg
മഞ്ഞളിപ്പ് രോഗം പിടിപ്പെട്ട തെങ്ങ്

കൽപ്പറ്റ: കനത്ത മഴയ്ക്ക് ശേഷം ജില്ലയിലെ തെങ്ങുകളിൽ മഞ്ഞളിപ്പ് വ്യാപകമാകുന്നു. ഓലകളിൽ മഞ്ഞളിപ്പ് ബാധിച്ച് തെങ്ങുകൾക്ക് പച്ചപ്പ് നഷ്ടപ്പെടുകയാണ്. രോഗം വ്യാപകമായാൽ തെങ്ങ് ഉണങ്ങി നശിക്കുമോ എന്ന ആശങ്കയിലാണ് കർഷകർ. ഇത്തവണ കൂടിയ അളവിൽ മഴ പെയ്തത് രോഗം വ്യാപകമാകാൻ കാരണമായിട്ടുണ്ട്. കൽപ്പറ്റ, മേപ്പാടി ,വൈത്തിരി,മുട്ടിൽ തുടങ്ങിയ സ്ഥലങ്ങളിൽ എല്ലാം മഞ്ഞളിപ്പ് വ്യാപകമായി കാണുന്നുണ്ട്. നേരത്തെ കമുകുകളിൽ വ്യാപകമായി മഞ്ഞളിപ്പ് രോഗം പിടിപ്പെട്ടിരുന്നു. ഇതേതുടർന്ന് 50 ശതമാനത്തിലേറെ കാമുക് കൃഷി ജില്ലയിൽ ഇല്ലാതായി. സമാനമായ രീതിയിൽ തെങ്ങുകളിൽ രോഗം വ്യാപകമാകുമോ എന്ന ആശങ്കയും കർഷകർക്കുണ്ട്. എന്നാൽ തെങ്ങുകളിൽ ഇപ്പോൾ കാണുന്ന മഞ്ഞളിപ്പ് തടയാൻ ആകും എന്നാണ് കൃഷി വിദഗ്ധർ പറയുന്നത്. വെള്ളിച്ചകളുടെ അക്രമം മഞ്ഞളിപ്പിന് കാരണമാകും. ഇതിനുപുറമേ കനത്ത മഴയെ തുടർന്ന് മണ്ണിലെ മൂലകങ്ങൾ നഷ്ടപ്പെട്ടതും മഞ്ഞളിപ്പിന് കാരണമാകും. മഴ ശമിക്കുന്നതോടെ
വളപ്രയോഗവും കീടനാശിനി പ്രയോഗവും നടത്തേണ്ടിവരും. ഇതിലൂടെ പതുക്കെ തെങ്ങുകളിലെ മഞ്ഞളിപ്പ് ഒഴിവാക്കാൻ കഴിയുമെന്നും കൃഷി വിദഗ്ധർ പറയുന്നു. 2018-19 കാലഘട്ടങ്ങളിലും അതിതീവ്ര മഴയ്ക്ക് ശേഷം തെങ്ങുകളിൽ ഇത്തരത്തിൽ മഞ്ഞളിപ്പ് കണ്ടിരുന്നു. പിന്നീട് രോഗം നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നു. കൂടുതൽ വെള്ളക്കെട്ട് ഉണ്ടായ സ്ഥലങ്ങളിൽ മഞ്ഞളിപ്പ് പെട്ടെന്ന് തടയാൻ കഴിയില്ല. എങ്കിൽകൂടി പതുക്കെ ഇത്തരം സ്ഥലങ്ങളിലെ തെങ്ങുകളിൽ പച്ചപ്പ് കണ്ടു തുടങ്ങുമെന്നും കൃഷി വിദഗ്ധർ പറയുന്നു.

മഞ്ഞളിപ്പ് രോഗം പിടിപ്പെട്ട തെങ്ങ്