ansaripark
അൻസാരി പാർക്കിൽ നശിക്കുന്ന യു.എ.ഖാദറിന്റെ ചൂട്ട് ചാത്തു എന്ന കഥാപാത്രത്തിന്റെ പ്രതിമ

കോഴിക്കോട്: യുനെസ്കോയുടെ സാഹിത്യ നഗര പദവിയിൽ നിൽക്കുമ്പോഴും നഗരമദ്ധ്യത്തിൽ തിരിഞ്ഞുനോക്കാനാളില്ലാതെ മാനാഞ്ചിറ അൻസാരി പാർക്ക്. കോഴിക്കോടൻ സാഹിത്യത്തിന്റെ ഖ്യാതി ലോകം കേട്ട എഴുത്തുകാരുടെ കഥാപാത്രങ്ങളെല്ലാം നാശത്തിന്റെ വക്കിൽ. എം.ടിയുടെ രണ്ടാമൂഴത്തിലെ ഭീമനും പാഞ്ചാലിയും, എസ്.കെ പൊറ്റക്കാടിന്റെ ഒരു തെരുവിന്റെ കഥയിലെ ഓമഞ്ചി ലാസർ, യു.എ.ഖാദറിന്റെ ‘വരോളിക്കാവിൽ ഓലച്ചൂട്ടുതെറ’ എന്ന കഥയിലെ ചൂട്ട് ചാത്തു, പി. വത്സലയുടെ നെല്ലിലെ കഥാപാത്രങ്ങൾ എന്നിവയെല്ലാം പരിചരണമില്ലാതെ നശിക്കുന്നു.

വൈകുന്നേരങ്ങൾ ചെലവഴിക്കാൻ ദിവസവും നിരവധി പേരെത്തുന്ന അൻസാരിപാർക്ക് അധികൃതരുടെ അനാസ്ഥയുടെ സ്മാരകമാണിപ്പോൾ. പാ‌ർക്കിൽ കുട്ടികൾക്കായി ഒരുക്കിയ ഉപകരണങ്ങൾ നശിച്ചിട്ട് കാലമേറെയായി. പകുതി പൊട്ടിയ ഊഞ്ഞാലും സീസോയുമെല്ലാം അതേ പടി കിടപ്പാണ്. തകർന്ന ഉപകരണങ്ങളിൽ കുട്ടികൾ കയറുമ്പോൾ പരിക്ക് പറ്റാനുള്ള സാദ്ധ്യത ഏറെയാണ്.

വാട്ടർ ഫൗണ്ടൈൻ

വെറും സ്മാരകം

പാർക്കിലെ പ്രധാന ആകർഷണമായിരുന്നു മാനാഞ്ചിറയ്ക്ക് അഭിമുഖമായി ഒരുക്കിയ വാട്ടർ ഫൗണ്ടൈൻ. പാർക്ക് നവീകരിച്ചപ്പോൾ വാട്ടർ ഫൗണ്ടൈനും നന്നാക്കിയിരുന്നു. ഈ കാഴ്ച കാണാൻ സമീപത്ത് ആംഫി തിയേറ്റർ മാതൃകയിൽ ഇരിപ്പിടവും തയ്യാറാക്കി. എന്നാൽ, വാട്ടർ ഫൗണ്ടൈനും ഇരിപ്പിടവും നശിച്ച് കിടക്കുകയാണ്. ഇവിടെ സ്ഥാപിച്ച പൈപ്പുകളും മോട്ടോറുകളും പരിപാലനമില്ലാത്തതിനാൽ തുരുമ്പെടുത്തു. വെള്ളം നിൽക്കുന്ന സ്ഥലത്ത് ഇപ്പോൾമലിനജലമാണ്. ഇടയ്ക്ക് പെയ്യുന്ന മഴയിൽ നിറയുന്ന വെള്ളം കെട്ടി നിന്ന് കൂത്താടികളും വളരുന്നു

നശിച്ച് പ്രതിമകൾ

അൻസാരി പാർക്കിലെ എല്ലാ പ്രതിമകളും നാശത്തിന്റെ വക്കിലാണ്. എം.ടിയുടെ രണ്ടാമൂഴത്തിലെ ഭീമനും പാഞ്ചാലിയും, ഒരു തെരുവിന്റെ കഥയിലെ ഓമഞ്ചി ലാസർ, യു.എ.ഖാദറിന്റെ ‘വരോളിക്കാവിൽ ഓലച്ചൂട്ടുതെറ’ എന്ന കഥയിലെ ചൂട്ട് ചാത്തു, പി. വത്സലയുടെ നെല്ലിലെ കഥാപാത്രം എന്നിങ്ങനെയുള്ള പ്രതിമകളും പായൽ പിടിച്ച് കിടപ്പാണ്.

മാലിന്യ നിക്ഷേപ കേന്ദ്രമായി

കുടുംബശ്രീക്കാരും മറ്റും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെട്ട പലപ്പോഴും കൂട്ടിയിടുന്നത് പാർക്കിലാണ്. നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യമാണ് ചാക്കുകളിലാക്കി ശേഖരിച്ചു വെക്കുന്നത്. കൂടുതലായി കുട്ടികളെത്തുന്ന ഈ ഭാഗത്ത് തെരുവുനായ ശല്യവും പതിവാണ്.

" ഇടയ്ക്കെപ്പോഴെങ്കിലുമാണ് കുട്ടികളുമായി ഇവിടെയെത്തുന്നത്. പക്ഷേ, ഇവിടെ കളിക്കാനുള്ള ഉപകരണങ്ങൾ നശിച്ചുകിടക്കുകയാണ്. പകുതി പൊട്ടിയതിലും മറ്റുമാണ് കുട്ടികൾ കളിക്കുന്നത്. പുതിയ ഉപകരണങ്ങൾ ഇല്ലെങ്കിലും കേടായത് നന്നാക്കിയാൽ മതി "

സുബൈദ, ചെറുവണ്ണൂ‌ർ