2

നാദാപുരം: റോഡ് കുറുകെ വെട്ടിക്കീറിയതോടെ കല്ലാച്ചി പൈപ്പ് ലൈൻ റോഡിൽ ഗതാഗതം നിലച്ചിട്ട് മൂന്നുമാസം. വളയം, വാണിമേൽ റോഡുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായിരുന്നു വർഷങ്ങൾക്ക് മുമ്പ് പി.എച്ച്.ഇ.ഡിയുടെ അധീനതയിലുണ്ടായിരുന്ന റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. ഇതോടെ കല്ലാച്ചി പഴയ മാർക്കറ്റ് റോഡിലെയും സംസ്ഥാന പാതയോട് ചേർന്ന കവലയിലെയും ഗതാഗതക്കുരുക്കിന് പരിഹാരമായി.

എന്നാൽ കനത്ത മഴയിൽ റോഡിന് ഇരുവശത്തുമുണ്ടായിരുന്ന ഓവുചാലും കലുങ്കും അടഞ്ഞതോടെ റോഡിൽ വെള്ളക്കെട്ടുണ്ടായി. യഥാസമയം അഴുക്ക് ചാലിലെ മണ്ണ് നീക്കാനോ റോഡിലേക്കുള്ള കൈയേറ്റങ്ങൾ ഒഴിപ്പിക്കാനോ തയ്യാറാകാത്തതാണ് ഇതിനു കാരണമായത്.

റോഡിലെ കലുങ്ക് മണ്ണ് നിറഞ്ഞ് അടഞ്ഞതോടെ മഴവെള്ളം ഒഴുകി പോകാത്ത സ്ഥിതിയായി. കലുങ്കിലൂടെയെത്തുന്ന വെള്ളം കാളാച്ചേരി തോട് വഴി വിഷ്ണുമംഗലം പുഴയിലേക്കാണ് ഒഴുകിയിരുന്നത്. റോഡിൽ വെള്ളം പൊങ്ങിയതോടെ വീടുകളിൽ വെള്ളം കയറിയേക്കുമെന്ന പരാതിയുമായി പരിസരവാസികൾ എത്തി. റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ജൂൺ 26ന് പഞ്ചായത്ത് അധികൃതർ റോഡിലെ ഗതാഗതം നിരോധിച്ചു. തുടർന്ന് കലുങ്കിലെ മണ്ണ് നീക്കം ചെയ്യുന്നതിന് പകരം റോഡ് കുറുകെ വെട്ടിക്കീറിയാണ് വെള്ളക്കെട്ട് ഒഴിവാക്കിയത്.

വഴിമുട്ടി ജനം

ഇതോടെ വളയം, ജാതിയേരി, ചുഴലി, കല്ലുനിര പ്രദേശങ്ങളിലുള്ളവർക്ക് കല്ലാച്ചി സംസ്ഥാന പാതയിലെത്താൻ വാണിമേൽ റോഡ് വഴി ചുറ്റി സഞ്ചരിക്കേണ്ട സ്ഥിതിയായി. പൈപ്പ് ലൈൻ റോഡിലെ ഗതാഗതം വാണിമേൽ റോഡിലൂടെ തിരിച്ചു വിട്ടതോടെ കല്ലാച്ചി ടൗൺ വീണ്ടും ഗതാഗതക്കുരുക്കിലായി. മൂന്ന് മാസമായിട്ടും പൈപ്പ് ലൈൻ റോഡിൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള യാതൊരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല. താത്കാലിക സംവിധാനമെന്ന നിലയിൽ റോഡിന് കുറുകെ പൈപ്പ് സ്ഥാപിച്ച് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.