
കുറ്റ്യാടി: റബ്ബർ വില കുതിക്കുന്നുണ്ടെങ്കിലും മലയോരത്തെ കർഷകർ ദുരിതത്തിൽ. കാലാവസ്ഥ വ്യതിയാനം കാരണം സമയം തെറ്റിയെത്തുന്ന മഴയാണ് കർഷകരെ വലയ്ക്കുന്നത്. ഇത് ടാപ്പിംഗിനെ തടസപ്പെടുത്തും. മഴക്കാലത്ത് സാധാരണയായി ഉത്പാദനം വർദ്ധിക്കുന്നതാണ് പതിവ്. അതിന് മഴക്കാലത്തിനു മുന്നോടിയായി റബറിന് റെയിൻ ഗാഡിംഗ് സ്ഥാപിക്കണം. എന്നാൽ, ഇത്തവണ റെയിൻ ഗാഡിംഗിനുള്ള സബ്സിഡി റബർ ബോർഡ് നൽകാത്തതാണ് ടാപ്പിംഗ് നിലക്കാൻ കാരണമായത്. ഇതോടെ ഉത്പാദനം കുറഞ്ഞു.
കുണ്ട് തോട്, തൊട്ടിൽപ്പാലം, മരുതോങ്കര തുടങ്ങിയ സ്ഥലങ്ങളിൽ രാവിലെ ടാപ്പിംഗിന് എത്തുന്ന കർഷകരും തൊഴിലാളികളും മഴ കാരണം മടങ്ങേണ്ട സ്ഥിതിയാണ്. കനത്ത രീതിയിൽ റബ്ബർ ഇലകൾ പൊഴിയുന്നതും കർഷകരെ ആശങ്കയിലാക്കുന്നുണ്ട്. ഇതിന്റെ ഫലമായി അറുപത് ശതമാനത്തോളം ഉത്പാദനം കുറയുന്നതായി തൊട്ടിൽപ്പാലം കുണ്ട് തോട്ടിലെ റബ്ബർ കർഷകനായ സോജൻ ആലക്കൽ പറയുന്നു.
കേന്ദ്ര പദ്ധതി നടപ്പാക്കിയില്ല
മാർച്ചിൽ കേന്ദ്രം പ്രഖ്യാപിച്ച റെയിൻ ഗാഡിംഗിനുള്ള സഹായ പദ്ധതി റബ്ബർ ബോർഡ് നടപ്പാക്കിയില്ല. ഹെക്ടറിന് 4,000 രൂപ നൽകുന്നതായിരുന്നു പദ്ധതി. ഇതെങ്ങനെ നടപ്പാക്കണമെന്ന് ബോർഡ് ഇനിയും അന്തിമ തീരുമാനമെടുത്തില്ലെന്നാണ് കർഷകർ പറയുന്നത്. നേരത്തേ റബ്ബർ ഉത്പാദക സംഘങ്ങൾ (ആർ.പി.എസ്) മഴമറക്കുള്ള പ്ലാസ്റ്റിക്, പശ, ബെൽറ്റ് എന്നിവ വാങ്ങി കൃഷിക്കാർക്ക് വിതരണം ചെയ്തിരുന്നു. പിന്നീട് ബില്ല് നൽകി സംഘം റബ്ബർ ബോർഡിൽ നിന്ന് പണം വാങ്ങുന്നതാണ് പതിവെന്നും കർഷകർ പറയുന്നു.
റെക്കോർഡ് വില
12 വർഷത്തിന് ശേഷം ഇത്തവണ റബ്ബറിന് വില റെക്കോർഡ് വിലയാണ്. ഒരു കിലോ ആർ.എസ്.എസ് 4ന് 227 രൂപയാണ് വില. ഷീറ്റിനെ മറികടന്ന് ലാറ്റക്സ് വില 270 രൂപ വരെ എത്തിയിരുന്നു. വില കുതിക്കുന്ന ഘട്ടത്തിൽ ആവശ്യത്തിന് ഉത്പാദനം ഇല്ലാത്തത് കർഷകർക്ക് തിരിച്ചടിയാണ്.