office
കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫീസ്

കോഴിക്കോട്: ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങൾക്ക് അനുവദിക്കുന്ന ഫണ്ടിൽ പാതിയും ചെലവഴിക്കാതെ പോകുന്നെന്ന ജില്ലാ പഞ്ചായത്തിന്റെ വിമർശനം ചർച്ചയായി. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ജില്ലാ ആസൂത്രണ സമിതി അവലോകന യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നടത്തിയ അദ്ധ്യക്ഷത പ്രസംഗത്തിലാണ് ആരോഗ്യ വകുപ്പിനെതിരെ തുറന്നടിച്ചത്. ഡി.എം.ഒ ഡോ. എൻ.രാജേന്ദ്രനെ വേദിയിലിരുത്തിയായിരുന്നു വിമർശനം.
പതിനഞ്ചാം ധനകാര്യ കമ്മിഷൻ അവാർഡ് പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് 2021-22, 2022-23 വർഷങ്ങളിൽ അനുവദിച്ച ഹെൽത്ത് ഗ്രാന്റ് പ്രോജക്ടിലെ ഫണ്ട് മുഴുവനുമായും ചെലവഴിക്കാത്ത വിഷയത്തിൽ ജില്ലാ മെഡിക്കൽ ഓഫീസ് കൂടുതൽ ഇടപെടൽ നടത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് . 2021-22 ലെ ഹെൽത്ത് ഗ്രാന്റ് പ്രോജക്ടിൽ അനുവദിച്ച തുകയിൽ 10.53 ശതമാനവും 2022-23 വർഷം 29.13 ശതമാനവും മാത്രമാണ് ചെലവഴിച്ചത്.

ജില്ലാ പഞ്ചായത്ത് ഒഴികെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ഫണ്ട് ലഭിക്കുന്നുണ്ട്. ഫണ്ടിൽ പകുതിയിലധികം ചെലവഴിച്ചില്ലെങ്കിൽ അടുത്ത വർഷത്തെ ഫണ്ട് ലഭ്യതയെ ബാധിക്കും. സമയബന്ധിതമായി മെഡിക്കൽ ഓഫീസർമാർ പദ്ധതികൾ തയ്യാറാക്കി കൊടുക്കാത്ത പ്രശ്‌നമുണ്ടെന്നും അവർ പറഞ്ഞു. കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളിൽ കെട്ടിടങ്ങൾ നിർമിക്കുന്ന കാര്യത്തിൽ 55 ശതമാനം ഫണ്ട് മാത്രമാണ് രണ്ട് വർഷത്തിനുള്ളിൽ ഗ്രാമപഞ്ചായത്തുകൾ ചെലവഴിച്ചത്. സമാന സ്ഥിതിയാണ് ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും. ജില്ലയിലെ ആരോഗ്യമേഖലയിൽ കേന്ദ്ര-സംസ്ഥാന ഫണ്ടുകൾ യഥാസമയം വിനിയോഗിക്കാൻ ജില്ലയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തയ്യാറാവണമെന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

ഫണ്ട് ചെലവഴിക്കൽ ത്വരിതപ്പെടുത്തും: ഡി.എം.ഒ

ആരോഗ്യമേഖലയിൽ ഫണ്ട് ചെലവഴിക്കൽ ത്വരിതപ്പെടുത്താൻ പദ്ധതി തയാറാക്കിയതായി ഡി.എം.ഒ ഡോ.എൻ രാജേന്ദ്രൻ യോഗത്തിൽ മറുപടി പറഞ്ഞു. ഹെൽത്ത് ഗ്രാന്റ് പ്രോജക്ടുകളിൽ ഭേദഗതി വരുത്തി 34 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് ജില്ലാ ആസൂത്രണ സമിതി അംഗീകാരത്തിനായി നൽകിയത്. ബാലുശ്ശേരി, കുന്നുമ്മൽ, പന്തലായനി ബ്ലോക്കുകൾ
മുഴുവൻ പദ്ധതികളും വെച്ചിട്ടില്ല. ഉണ്ണികുളം, തിക്കോടി, മൂടാടി, കൂത്താളി, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തുകളും പദ്ധതികൾ ഏറ്റെടുക്കാനുണ്ട്. ഫറോക്ക്, കൊയിലാണ്ടി, മുക്കം, പയ്യോളി, രാമനാട്ടുകര നഗരസഭകളും പദ്ധതികൾ വെക്കാനുണ്ട്.

ഹെൽത്ത് ഗ്രാന്റ് പ്രോജക്ട്

ആറ് സ്‌കീമുകളിലായാണ് ഫണ്ട് അനുവദിക്കുന്നത്. കെട്ടിടങ്ങൾ ഇല്ലാത്ത കുടുംബാരോഗ്യ ഉപകേന്ദ്രങ്ങൾക്ക് കെട്ടിടം നിർമ്മിക്കൽ, ബ്ലോക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങൾക്ക് സഹായം, ഗ്രാമപ്രദേശങ്ങളിലെ ആരോഗ്യ സ്ഥാപനങ്ങളിൽ രോഗനിർണയ സൗകര്യങ്ങൾ ഏർപ്പെടുത്തൽ, ഗ്രാമപ്രദേശങ്ങളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഹെൽത്ത് ആൻഡ് വെൽനെസ് പ്രവർത്തനങ്ങൾ നടപ്പാക്കൽ, നഗരങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഉപകേന്ദ്രങ്ങളിലും രോഗനിർണയ സൗകര്യങ്ങൾ ഏർപ്പെടുത്തൽ, അർബൻ ഹെൽത്ത് ആൻഡ് വെൽനെസ് കേന്ദ്രങ്ങൾ എന്നീ വിഭാഗങ്ങളിലാണ് ഫണ്ട് അനുവദിക്കുക.