
കൊടിയത്തൂർ: കാരക്കുറ്റി- പി.ടി.എം ഹൈസ്കൂൾ റോഡ് പ്രവൃത്തി വൈകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ ഹൈസ്കൂൾ റോഡ് ഉപരോധിച്ചു. ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന കൊടിയത്തൂർ പി.ടി.എം ഹൈസ്കൂൾ, വാദി റഹ്മ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രധാനപ്പെട്ട റോഡ് ഒന്നര വർഷത്തോളമായി തകർന്നു കിടക്കുകയാണ്. 1,100 മീറ്റർ റോഡ് കാൽനടയാത്രയ്ക്കു പോലും പറ്റാതായി. എന്നാൽ അതിൽ 50 മീറ്റർ മാത്രം ചെറിയ തുക മുടക്കി നന്നാക്കാനുള്ള കൊടിയത്തൂർ പഞ്ചായത്തിന്റെ നീക്കത്തിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ റോഡ് ഉപരോധിച്ചത്. കാരക്കുറ്റി മുതൽ ഹൈസ്കൂൾ വരെ റോഡ് പൂർണമായും ടാർ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, പഞ്ചായത്ത് അംഗം വി.ഷംലുലത്ത് എന്നിവർ സ്ഥലത്തെത്തി സമരക്കാരുമായി സംസാരിച്ചു. ഹൈസ്കൂൾ മാനേജ്മെന്റും വാദി റഹ്മ സ്കൂൾ മാനേജ്മെന്റുമായി സംസാരിച്ച് റോഡുപണി പൂർത്തിയാക്കാൻ നടപടി സ്വീകരിക്കാമെന്ന് അറിയിച്ചു. തുടർന്ന് നാട്ടുകാർ റോഡ് ഉപരോധം അവസാനിപ്പിച്ചു.