വൈത്തിരി: ലക്കിടിയിൽ അതിജീവനത്തിന്റെ തട്ടുകട തുറന്ന് സുഹൃത്തുക്കൾ. ചൂരൽമല മുണ്ടക്കൈ സ്വദേശികളായ
ഇർഷാദ്, രാജേഷ്, ജിഷ്ണു എന്നീ സുഹൃത്തുക്കളാണ് സന്നദ്ധ സംഘടനയുടെ സാമ്പത്തിക സഹായത്തോടെ തട്ടുകട തുറന്നത്.
വേർപിരിയാത്ത സൗഹൃദത്തിന്റെ കണ്ണികളാണ് മൂന്നുപേരും. ഉരുൾപൊട്ടൽ ദുരന്തത്തിൽ പ്രിയപ്പെട്ടവരിൽ പലരെയും നഷ്ടപ്പെട്ടവരാണ് മൂന്നുപേരും. വീടും വരുമാന മാർഗ്ഗവും എല്ലാം ഉരുൾപൊട്ടൽ ദുരന്തം തകർത്തെറിഞ്ഞു. ഇവരുടെ പ്രയാസം തിരിച്ചറിഞ്ഞാണ് കായംകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ദീനിയാത്ത് എജ്യൂക്കേഷണൽ ബോർഡാണ് തട്ടുകട ആരംഭിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകിയത്. ഉരുൾപൊട്ടൽ ദുരന്തബാധിതരെ ചേർത്തുനിർത്തണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഈ കടയിൽ നിന്ന് ഒരു ചായ കുടിച്ചും അതിൽ പങ്കാളികളാകാം. ലക്കിടി ചങ്ങല മരത്തിന് സമീപമാണ് മുണ്ടക്കൈ തട്ടുകട തുറന്നിരിക്കുന്നത് ടി. സിദ്ധിഖ് എം.എൽ.എ തട്ടുകട ഉദ്ഘാടനം ചെയ്തു. മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ അതിജീവന പാതയിലെ പ്രധാനപ്പെട്ട നടപടിയാണ് തട്ടുകട എന്ന് അദ്ദേഹം പറഞ്ഞു. വയനാട്ടിലേക്ക് എത്തുന്ന വിനോദസഞ്ചാരികൾ ചുരം കയറി ആദ്യം എത്തുന്ന സ്ഥലം എന്ന നിലയിലാണ് ലക്കിടിയിൽ തട്ടുകട ആരംഭിച്ചത്. വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ്, ദീനിയാത്ത് എജ്യുക്കേഷണൽ ബോർഡ് അംഗങ്ങൾ പൊതുപ്രവർത്തകരായ യാക്കാൻ തലക്കൽ, ഗഫൂർ വെണ്ണിയോട്, മമ്മൂട്ടി , വാർഡ് മെമ്പർ ജ്യോതിഷ് കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ചൂരൽമല മുണ്ടക്കൈ സ്വദേശികളായ ഇർഷാദ്, രാജേഷ്, ജിഷ്ണു എന്നീവർ തട്ടുകടയ്ക്ക് മുന്നിൽ