കൽപ്പറ്റ: ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നതിനുള്ള വഴിയൊരുങ്ങുന്നു. ഹൈക്കോടതിയിൽ നടക്കുന്ന കേസിൽ അനുകൂലമായ വിധി ഉണ്ടായതായി വനം വകുപ്പിന്റെ ഓഫീസ് അറിയിച്ചു. സർക്കാരിന്റെ ആവശ്യം ഹൈക്കോടതി ഭാഗികമായി അംഗീകരിച്ചു. ഇക്കോ ടൂറിസം കേന്ദ്രങ്ങൾ പുനരാരംഭിക്കാൻ ഹൈക്കോടതിയുടെ അനുമതി ലഭിച്ചതായി വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. കുറുവാ ദ്വീപിൽ കാട്ടാനയെ തുരത്തുന്നതിനിടെ വനം വകുപ്പിലെ താൽക്കാലിക വാച്ചർ പോൾ മരിക്കാനിടയായ സംഭവത്തെ തുടർന്നാണ് കേന്ദ്രങ്ങൾ അടച്ചിട്ടത്. ഫെബ്രുവരി 18 മുതൽ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ കൂടിയായ മേപ്പാടി സൂചിപ്പാറ വെള്ളച്ചാട്ടം, ചെമ്പ്ര പീക്ക്, വരാമ്പറ്റ, മീൻമുട്ടി വെള്ളച്ചാട്ടം,
മുത്തങ്ങ വന്യജീവി സങ്കേതം, തോൽപ്പെട്ടി വന്യജീവി സങ്കേതം, കുറുവ ദ്വീപ് തുടങ്ങിയ ഇക്കോ ടൂറിസം കേന്ദ്രങ്ങളെല്ലാം അടഞ്ഞു കിടക്കുകയാണ്. ജില്ലയിൽ 11 ഇക്കോ ടൂറിസം കേന്ദ്രങ്ങളാണുള്ളത്. സൗത്ത് വയനാട്ടിൽ നാലും നോർത്ത് വയനാട്ടിൽ അഞ്ചും വന്യജീവി സങ്കേതത്തിനുള്ളിൽ രണ്ടും കേന്ദ്രങ്ങൾ. കാട്ടാനയുടെ ആക്രമണത്തെ തുടർന്ന് ഹൈക്കോടതി സ്വമേധയ ഇടപെട്ടാണ് ടൂറിസം പ്രവർത്തനങ്ങൾ നിർത്തിവെച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. ടൂറിസം കേന്ദ്രങ്ങൾ കൂട്ടത്തോടെ അടച്ചിട്ടത് ജില്ലയിലെ വിനോദസഞ്ചാര മേഖലയെ സാരമായി ബാധിച്ചിരുന്നു. നൂറുകണക്കിന് തൊഴിലാളികൾ വരുമാനം ഇല്ലാതെ പട്ടിണിയുടെ വക്കിലായി. സർക്കാരിന്റെ നിരന്തര ഇടപെടലിനെ തുടർന്നാണ് ഇക്കോ ടൂറിസം പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ ഇപ്പോൾ ഹൈക്കോടതി അനുമതി നൽകിയതെന്ന് വനം മന്ത്രി അവകാശപ്പെട്ടു. സന്ദർശകരുടെ എണ്ണം വെട്ടിച്ചുരുക്കണമെന്ന ഹൈക്കോടതിയുടെ നിർദ്ദേശം പരിശോധിച്ച് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നതോടെ പ്രവേശന നിരക്ക് വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. പ്രവേശന നിരക്ക് വർദ്ധിപ്പിച്ച് സഞ്ചാരികളുടെ എണ്ണം കുറയ്ക്കാൻ കഴിയുമോ എന്ന് പരിശോധിക്കണമെന്നതായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. എന്നാൽ നിരക്ക് വൻതോതിൽ വർദ്ധിപ്പിക്കാൻ കഴിയില്ലെന്ന നിലപാടാണ് സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ചത്. ഇതിനിടയിലാണ് അനുകൂലമായ നടപടി ഉണ്ടാകുന്നത്.