ബാലുശ്ശേരി: പൊന്നരം തെരുവിലെ 15 കുട്ടികൾ പഞ്ചാരിമേളത്തിൽ അരങ്ങേറ്റം കുറിച്ചു. പ്രമുഖ വാദ്യകലാകാരനും കേരള സംഗീത നാടക അക്കാഡമി ചെയർമാനുമായ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരിൽ നിന്ന് ചെണ്ടക്കോൽ സ്വീകരിച്ചു. കുട്ടികളുടെ മേളത്തിനു പിന്തുണയേകി കൊമ്പും കുഴലുമായി നൂറോളം വാദ്യ കലാകാരന്മാർ അണിനിരന്നു. പൊന്നരം സത്യന്റെയും കലാമണ്ഡലം സനൂപിന്റെയും നേതൃത്വത്തിലായിരുന്നു പരിശീലനം. സപ്തതി ആഘോഷിക്കുന്ന പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരെ ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂത്ത ചെട്ട്യാൻ പി.ഗംഗാധരൻ പൊന്നാടയണിയിച്ചു. ക്ഷേത്രം ഇളയ ചെട്ട്യാൻ ബാലൻ ഉപഹാരം നൽകി. പ്രസിഡന്റ് കെ. ഉല്ലാസ്കുമാർ അദ്ധ്യക്ഷത വഹിച്ചു. മട്ടന്നൂർ ശങ്കരൻകുട്ടി. വി.സി.വിജയൻ, കെ.സോമൻ, രാജൻ ബാലുശ്ശേരി, വി.പി.ഷൈജു ഭാസ്കരൻ കിണറുള്ളതിൽ എന്നിവർ പ്രസംഗിച്ചു.