കോഴിക്കോട്: പി.വി.ശങ്കരനാരായണൻ സ്മാരക അവാർഡ് പ്രമുഖ സഹകാരി എൻ.കെ.അബ്ദുറഹിമാന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സമ്മാനിച്ചു. മുതലാളിയെയും കോർപ്പറേറ്റ് സ്ഥാപനങ്ങളെയും സംരക്ഷിക്കുന്നതാണ് പുതിയ തൊഴിൽ നിയമങ്ങളെന്ന് വി.ഡി.സതീശൻ പറഞ്ഞു. തൊഴിലാളി താത്പര്യം സംരക്ഷിക്കാൻ തൊഴിലാളി പ്രസ്ഥാനങ്ങൾക്കൊപ്പം രാഷ്ട്രീയ പ്രസ്ഥാനങ്ങളും പൊതുസമൂഹവും പിന്തുണച്ചില്ലെങ്കിൽ ഇരുപതാം നൂറ്റാണ്ടിലെ ആദ്യ പകുതിയിലെ തൊഴിലാളി ചൂഷണം ഈ നൂറ്റാണ്ടിലും ആവർത്തിക്കും. തൊഴിലാളി അവകാശങ്ങൾക്കായി വിട്ടു വീഴ്ചയില്ലാതെ പോരാടിയ തൊഴിലാളി നേതാവായിരുന്നു പി.വി.ശങ്കരനാരായണൻ. ഒത്തു തീർപ്പ് നടത്താതെയുള്ള സ്ഥാനങ്ങൾ മതിയെന്ന് പ്രഖ്യാപിച്ചയാളാണ് എൻ.കെ. അബ്ദുറഹിമാനെന്നും വി.ഡി.സതീശൻ പറഞ്ഞു. പി.വി.ശങ്കരനാരായണൻ അനുസ്മരണ സമിതി ചെയർമാൻ കെ.പ്രവീൺകുമാർ അദ്ധ്യക്ഷത വഹിച്ചു.