kadannappali
മന്ത്രി കടന്നപ്പള്ളി

കോഴിക്കോട്: അമൂല്യ ചരിത്ര രേഖകൾ ഉൾപ്പെടെ പുരാവസ്തുക്കളുടെ സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും അതിനായി ശക്തമായ നടപടികൾ ആവശ്യമാണെന്നും ആർക്കിയോളജി രജിസ്‌ട്രേഷൻ മ്യൂസിയം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. 2023ലെ കേരള പൊതുരേഖ ബില്ലുമായി ബന്ധപ്പെട്ട് സെലക്ട് കമ്മിറ്റി കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ തെളിവെടുപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്ര യാഥാർത്ഥ്യങ്ങളെ വളച്ചൊടിക്കൽ നടക്കുന്ന കാലത്ത് പുരാരേഖകളും പുരാവസ്തുക്കളും സംരക്ഷിക്കുകയെന്നത് പ്രധാനമാണ്. പുരാവസ്തുക്കളുടെ വലിയ ശേഖരം നമ്മുടെ സംസ്ഥാനത്തുണ്ട്. അവ ശരിയായ രീതിയിൽ ശേഖരിച്ച് സംരക്ഷിക്കാൻ സമഗ്രമായ നടപടികൾ ആവശ്യമാണ്. പുരാരേഖ സംരക്ഷണത്തിൽ ചരിത്രപരമായ ദൗത്യമാണ് പുതിയ ബില്ലെന്നും മന്ത്രി പറഞ്ഞു. പൊതുരേഖകളുടെ സൂക്ഷിപ്പുമായി ബന്ധപ്പെട്ട ഭരണനിർവഹണം, നടത്തിപ്പ്, മേൽനോട്ടം, നിയന്ത്രണം എന്നീ കാര്യങ്ങളിൽ സംസ്ഥാന സർക്കാരിനുള്ള അധികാരം, പൊതുരേഖകൾ സംസ്ഥാനത്തിനു വെളിയിൽ കൊണ്ടു പോകുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ, റിക്കാർഡ് ഓഫീസർമാരുടെ ചുമതലകൾ, പൊതുരേഖകൾ നശിപ്പിക്കലും തീർപ്പാക്കലും സംബന്ധിച്ച നിർദ്ദേശങ്ങൾ, സ്വകാര്യ സ്രോതസ്സുകളിൽ നിന്ന് രേഖകൾ സ്വീകരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ ബില്ലിന്റെ ഭാഗമാണ്.

പുരാ രേഖകളുടെ സമാഹരണം, അവയുടെ സൂക്ഷിപ്പ് ഉൾപ്പെടെ ബില്ലുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ യോഗത്തിൽ പങ്കെടുത്തവർ നിർദ്ദേശങ്ങൾ സമർപ്പിച്ചു.