ayan

കോഴിക്കോട്: പാതയോരങ്ങളും നാടും നഗരവും സാക്ഷി. അർജുന് വിട നൽകി കേരളം. ഇന്നലെ രാവിലെ എത്തിച്ച ഭൗതിക ദേഹം കോഴിക്കോട്ടെ വീട്ട്‌ വളപ്പിൽ തീനാളങ്ങൾ ഏറ്റുവാങ്ങി. 75ദിവസം നീണ്ട കാത്തിരിപ്പിന് പരിസമാപ്തി. മകൻ അയാന്റെ സാന്നിദ്ധ്യത്തിൽ അനിയൻ അഭിജിത്ത് ചിതയ്ക്ക് തീ കൊളുത്തി. അച്ഛന്റെ മൃതദേഹം നോക്കി ആർത്തു കരഞ്ഞ മകൻ കണ്ടു നിന്നവരുടെ ഉള്ളുലച്ചു.

കർണാടകത്തിലെ ഷിരൂർ അങ്കോളയിൽ നിന്ന് വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെ അർജുന്റെ ഭൗതിക ദേഹവുമായി പുറപ്പെട്ട ആംബുലൻസ് ഇന്നലെ രാവിലെ ആറോടെയാണ് കേരളത്തിലെത്തിയത്. കർണാടക പൊലീസും സംഘവും അതിർത്തി വരെയെത്തി. കാർവാർ എം.എൽ.എ സതീഷ് കൃഷ്ണ സെയിലും മഞ്ചേശ്വരം എം.എൽ.എ അഷറഫും അന്ത്യയാത്രയെ അനുഗമിച്ചു. ആറരയോടെ വടകര അഴിയൂരിൽ എത്തിയ മൃതദേഹം മന്ത്രി എ.കെ.ശശീന്ദ്രൻ, കെ.കെ. രമ എം.എൽ.എ , ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് എന്നിവർ ഏറ്റുവാങ്ങി. തുടർന്ന് വിലാപയാത്രയായി കണ്ണാടിക്കലിലെ വീട്ടിലേക്ക്. രാവിലെ മുതൽ റോഡിനിരുവശവും സ്ത്രീകളും കുട്ടികളും അർജുനെ ഒരു നോക്ക് കാണാനായി കാത്തുനിന്നു.

9 മണിയോടെ ആംബുലൻസ് അമരാവതിയിലെ വീട്ടുമുറ്റത്തെത്തി. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് പാടുപെട്ടു. പത്ത് മിനിറ്റ് കഴിഞ്ഞാണ് മൃതദേഹം വീട്ടിലേക്ക് എടുത്തത്. മുങ്ങൽ വിദഗ്ദ്ധൻ ഈശ്വർ മാൽപയും, ലോറി ഉടമ മനാഫും വിലാപയാത്രയ്‌ക്കൊപ്പമുണ്ടായിരുന്നു. ഹൃദയഭേദകമായിരുന്നു വീട്ടിലെ അന്തരീക്ഷം. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അച്ഛൻ പ്രേമനും അമ്മ ഷീലയും ഭാര്യ കൃഷ്ണപ്രിയയും മകൻ അയാനും സഹോദരങ്ങളായ അഞ്ജുവും അഭിരാമിയും അഭിജിത്തും സഹോദരി ഭർത്താവ് ജിതിനും അർജുനെ അവസാനമായി കണ്ടു. ഇതിനിടെ കർണാടക സർക്കാരിന്റെ സഹായധനമായ 5 ലക്ഷം രൂപയുടെ ചെക്ക് കാർവാർ എം.എൽ.എ സതീഷ് കൃഷ്ണ സെയ്ൽ വീട്ടുകാർക്ക് കൈമാറി. ഒൻപതരയോടെ വീട്ടു മുറ്റത്ത് പൊതുദർശനം ആരംഭിച്ചു. പതിനൊന്നരയോടെ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ സംസ്‌കരിച്ചു.

മന്ത്രിമാരായ എ.കെ ശശീന്ദ്രൻ, കെ.ബി ഗണേഷ് കുമാർ, എം,പിമാരായ എം.കെ.രാഘവൻ, ഷാഫി പറമ്പിൽ, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, എം.എൽ.എമാരായ കെ.കെ.രമ, സച്ചിൻദേവ്, ലിന്റോ ജോസഫ്, തോട്ടത്തിൽ രവീന്ദ്രൻ, ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ്, മേയർ ബീന ഫിലിപ്പ്, ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ പ്രവീൺകുമാർ, സി.പി.എം ജില്ലാസെക്രട്ടറി പി.മോഹനൻ, എൻ.എസ്.യു നേതാവ് കെ.എം അഭിജിത്ത്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗവാസ് തുടങ്ങിയ നേതാക്കളെല്ലാം അന്തിമോപചാരമർപ്പിച്ചു.