1
കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ ഒരുക്കിയ ശീതീകരിച്ച വിശ്രമ കേന്ദ്രം ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

ഒരു വർഷത്തിനകം നാലര ലക്ഷം യാത്രക്കാരെ കൂടുതൽ ലഭിച്ചു: മന്ത്രി ഗണേഷ് കുമാർ

കോഴിക്കോട്: ഒരു വർഷം കൊണ്ട് കെ.എസ്.ആർ.ടി.സി നാലു ലക്ഷത്തോളം കിലോമീറ്റർ അനാവശ്യമായ ഓട്ടം കുറയ്ക്കുകയും യാത്രക്കാരുടെ എണ്ണം നാലര ലക്ഷമാക്കി ഉയർത്തുകയും ചെയ്തതായി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. ഇതുവഴി ഡീസൽ ചെലവ് കുറയ്ക്കാനും ടിക്കറ്റ് കളക്ഷൻ വർദ്ധിപ്പിക്കാനും സാധിച്ചു. കെ.എസ്.ആർ.ടി.സി ട്രിപ്പ് മുടങ്ങില്ലെന്നും വിശ്വസിച്ച് യാത്ര ചെയ്യാമെന്നുമുള്ള വിശ്വാസം യാത്രക്കാരിൽ സൃഷ്ടിക്കാനായി എന്നതാണ് ഇതിനു കാരണം. കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്‌റ്റേഷനിൽ ഒരുക്കിയ കേരളത്തിലെ രണ്ടാമത്തെ ശീതീകരിച്ച വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേരളത്തിലെ 93 കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ 78 എണ്ണവും നഷ്ടമില്ലാത്ത സ്ഥിതിയിലെത്തി. ജീവനക്കാരുടെ സഹകരണമാണ് ഈ നേട്ടത്തിനു പിന്നിൽ. രാത്രി കാലങ്ങളിൽ ബസ് സ്റ്റേഷനുകളിലെത്തുന്ന വനിതാ യാത്രക്കാർക്ക് സുരക്ഷിതമായി വിശ്രമിക്കാനുള്ള സംവിധാനം വിശ്രമ കേന്ദ്രത്തിലൂടെ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. വിവോ കേരള ബിസിനസ് ഓപ്പറേഷൻ തലവൻ പ്രസാദ് മുള്ളനാറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ആർ.ടി.സി ചെയർമാനും എം.ഡിയുമായ പി.എസ് പ്രമോജ് ശങ്കർ മുഖ്യപ്രഭാഷണം നടത്തി. വിവോ കേരള ട്രെയിനിംഗ് മാനേജർ ജോർണിസ് ജോൺ, സോണൽ ബിസിനസ് മാനേജർ വി.എസ് സുഹൈൽ, കെ.എസ്.ആർ.ടി.സി ചീഫ് ട്രാഫിക് ഓഫീസർ വി.മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു. വിവോ കേരള മാർക്കറ്റിംഗ് മാനേജർ ലിബിൻ തോമസ് സ്വാഗതവും ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ വി.എം.എ നാസർ നന്ദിയും പറഞ്ഞു.

വിവോ കേരളയുമായി സഹകരിച്ചാണ് വനിതാ യാത്രക്കാർക്കും കുടുംബമായി എത്തുന്ന യാത്രക്കാർക്കുമായി ശീതീകരിച്ച വിശ്രമകേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. മികച്ച ഇരിപ്പിടങ്ങൾ, മുലയൂട്ടുന്ന അമ്മമാർക്ക് ഫീഡിംഗ് റൂം, മൊബൈൽ ചാർജിംഗ് സൗകര്യങ്ങൾ എന്നിവയും വിശ്രമ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്.