പശുക്കിടാവിനെ ആക്രമിക്കുകയും പശുവിനെ കൊന്ന് ഭക്ഷിക്കുകയും ചെയ്തു

കൽപ്പറ്റ: പെരുന്തട്ടയിൽ പട്ടാപ്പകൽ പുലിയുടെ ആക്രമണം. മേയാൻ വിട്ട പശുക്കിടാവിനെ ആക്രമിക്കുകയും പശുവിനെ കൊന്ന് ഭക്ഷിക്കുകയും ചെയ്തു. ക്ഷീര കർഷകരായ പെരുന്തട്ട അബു താഹിർ, തൂണിക്കടവൻ അബ്ദുള്ള എന്നിവരുടെ പശുക്കളെയാണ് പുലി ആക്രമിച്ചത്. ഇതിൽ അബു താഹിറിന്റെ പശുവിനെ കൊന്ന് ഭക്ഷിക്കുകയും ചെയ്തു. പെരുന്തട്ട ക്രഷറിന് സമീപത്തെ തേയിലത്തോട്ടത്തിൽ വച്ചാണ് പശുവിനെ പുലി കൊലപ്പെടുത്തിയത്. ജഡത്തിന്റെ പകുതിയിലധികം ഭാഗവും ഭക്ഷിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. മേയാൻ വിട്ട പശുവിനെ കാണാതായതിനെ തുടർന്ന് തിരച്ചിൽ നടത്തിയപ്പോഴാണ് ജഡാവശിഷ്ടം കണ്ടെത്തിയത്. അബ്ദുല്ലയുടെ പശുക്കിടാവിനെ പുലി ആക്രമിച്ച് മുറിവേൽപ്പിച്ചിട്ടുണ്ട്. പശുക്കിടാവ് അവശനിലയിലാണ്. കഴുത്തിനും കാലിനുമാണ് മുറിവേറ്റിട്ടുള്ളത്. ആളുകൾ ബഹളം വച്ചതോടെയാണ് പുലി പശുക്കിടാവിനെ ഉപേക്ഷിച്ച് ഓടി മറയുകയായിരുന്നു. നാട്ടുകാരുടെ പരാതിയിൽ മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഹരിലാലിന്റെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തി. ജഡാവശിഷ്ടത്തിന് സമീപം വനം വകുപ്പ് ക്യാമറയും സ്ഥാപിച്ചു. എന്നാൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്ത് ഉള്ളപ്പോൾ തന്നെ പുള്ളിപ്പുലി പ്രദേശത്തെ പാറപ്പുറത്ത് എത്തിയിരുന്നു. വൈകുന്നേരം അഞ്ചുമണി മുതൽ ഒരു മണിക്കൂർ നേരമാണ് പുലി പാറപ്പുറത്ത് ഇരുന്നത്. സ്ഥിരം പുലിയുടെ സാന്നിദ്ധ്യമുള്ള പ്രദേശമാണെങ്കിലും വളർത്തുമൃഗങ്ങളെ ഇത്തരത്തിൽ ആക്രമിക്കുന്നത് മുൻപുണ്ടായിട്ടില്ല. എത്രയും വേഗം പുലിയെ കൂട് വെച്ച് പിടികൂടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഇവിടെത്തന്നെ നേരത്തെ മൂന്ന് പുള്ളിപ്പുലികളെയും ഒരു കരിമ്പുലിയെയും പിടികൂടിയിരുന്നു. പ്രദേശത്ത് കടുവയുടെ സാന്നിദ്ധ്യവും ഉണ്ടെന്നാണ് നാട്ടുകാർ സംശയിക്കുന്നത്.