lorry
താമരശേരി ചുരത്തിലെ ഏഴാം വളവിൽ മറിഞ്ഞ ലോറി

വൈത്തിരി : താമരശേരി ചുരത്തിൽലോറി മറിഞ്ഞു. ചുരം ഇറങ്ങുന്നതിനിടെ ഏഴാം വളവിൽ വെച്ച് നിയന്ത്രണം വിട്ടുലോറി മറിയുകയായിരുന്നു. ശനിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. മരത്തടി കയറ്റിയലോറിയാണ് തലകീഴായി മറിഞ്ഞത്. ഇതേ തുടർന്ന് മണിക്കൂറുകളോളം ഗതാഗത തടസം നേരിട്ടു. ആംബുലൻസിന്‌പോലും കടന്നുപോകാൻ കഴിയാത്ത തരത്തിലാണ്‌ ലോറി മറിഞ്ഞത്. ഗതാഗത തടസ്സം രൂക്ഷമായതോടെ യാത്രക്കാരും പൊലീസും വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. മൂന്ന് വാഹനാപകടങ്ങളാണ് ശനിയാഴ്ച മാത്രം ചുരത്തിൽ ഉണ്ടായത്. ഏഴാം വളവിൽ തന്നെ ഓടിക്കൊണ്ടിരുന്ന ഗുഡ്സ് വാഹനം കത്തി നശിച്ചിരുന്നു. ഉച്ചയ്ക്കുശേഷം മൂന്നുമണിയോടെയായിരുന്നു അപകടം. കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. യാത്രക്കാരും സന്നദ്ധസേന അംഗങ്ങളും ഫയർഫോഴ്സ് എത്തും മുൻപേ തന്നെ തീ അണക്കാൻ ശ്രമം നടത്തിയിരുന്നു. വാഹനം പൂർണമായും കാത്ത് നശിച്ചു. ചുരം 29 ആം മൈലിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞിരുന്നു. മൂന്ന് അപകടങ്ങളിയും യാത്രക്കാർക്ക് പരിക്കില്ല. അപകടങ്ങൾ പതിവായതോടെ രൂക്ഷമായ ഗതാഗത കുരുക്കാണ് ചുരത്തിൽ അനുഭവപ്പെട്ടത്. ഉരുൾപൊട്ടൽ ദുരന്തത്തിന്‌ശേഷം നിശ്ചലമായിരുന്ന വയനാടൻ ടൂറിസം മേഖലയിലേക്ക് സഞ്ചാരികൾ കയറി തുടങ്ങിയ സമയത്താണ് ഇത്തരം അപകടങ്ങൾ പതിവാകുന്നത്. ഇത് ടൂറിസം മേഖലയെ സാരമായി ബാധിക്കും. ബദൽ സംവിധാനം ഒരുക്കാൻ ഇനിയെങ്കിലും തയ്യാറാകണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.

താമരശേരി ചുരത്തിലെ ഏഴാം വളവിൽ മറിഞ്ഞ ലോറി