
കോഴിക്കോട്: തറക്കല്ലിട്ട് 15 വർഷം കഴിഞ്ഞിട്ടും മെഡിക്കൽ കോളേജ് ബസ് ടെർമിനൽ യാഥാർത്ഥ്യമാകാത്തത് ജനത്തെ വലയ്ക്കുന്നു. ടെർമിനലിന്റെ പേരിൽ മെഡിക്കൽ കോളേജിൽ നിന്ന് മാവൂർ ഭാഗത്തേക്ക് പോകുന്നിടത്തെ ബസ് കാത്തിരിപ്പുകേന്ദ്രം രണ്ടു വർഷം മുമ്പ് കോർപ്പറേഷൻ പൊളിച്ചു. ഇതോടെ യാത്രക്കാർ പൊരി വെയിലത്തും കോരിച്ചൊരിയുന്ന മഴയത്തും ബസ് കാത്തുനിൽക്കേണ്ട അവസ്ഥയായി. ഈ ഭാഗത്ത് ആംബുലൻസുകൾ നിറുത്തിയിടുന്നതിനാൽ ബസ് കയറാൻ റോഡിലിറങ്ങേണ്ട സ്ഥിതിയാണ്.
2009ൽ അന്നത്തെ മന്ത്രി പാലോളി മുഹമ്മദ് കുട്ടിയാണ് ബസ് ടെർമിനലിന് തറക്കല്ലിട്ടത്. എന്നാൽ പിന്നീട് ഭൂമി സംബന്ധമായ നിയമ പ്രശ്നങ്ങളെ തുടർന്ന് നിർമ്മാണം നിലച്ചു. നിയമ പ്രശ്നങ്ങൾ അവസാനിച്ച് കോർപ്പറേഷൻ കഴിഞ്ഞ ബഡ്ജറ്റിൽ തുക വകയിരുത്തിയെങ്കിലും നിർമ്മാണം തുടങ്ങിയില്ല. മെഡിക്കൽ കോളേജ്- മാവൂർ റോഡിന് സമീപത്താണ് ടെർമിനലിനായി സ്ഥലം കണ്ടെത്തിയത്.
ദുരിതം പേറാൻ ജനം
രോഗികളും കൂട്ടിരിപ്പുകാരും വിദ്യാർത്ഥികളുമടക്കം നൂറുകണക്കിനാളുകളാണ് ഇവിടെ നിന്ന് ബസ് കയറുന്നത്. സ്റ്റോപ്പില്ലാത്തതിനാൽ ഫുട്ട് പാത്തിലാണ് ബസ് കാത്തുനിൽക്കുന്നത്. ഇത് അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. ആശുപത്രിയിൽ നിന്ന് മരുന്നും മറ്റ് മെഡിക്കൽ ഉപകരണങ്ങളും വാങ്ങാനെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഏറെ പ്രയാസവും സൃഷ്ടിക്കുന്നുണ്ട്. നാട്ടുകാരും വിവിധ സംഘടനകളും പരാതി നൽകിയിട്ടും നടപടിയില്ല.
ചെലവ് 200 കോടി
രണ്ടര ഏക്കർ സ്ഥലത്ത് 200 കോടി ചെലവിലാണ് പി.പി.പി വ്യവസ്ഥയിൽ അഞ്ചുനില ടെർമിനൽ നിർമ്മിക്കുന്നത്. ടെർമിനൽ പ്ലാനിൽ വ്യക്തത വരുത്താൻ പി.ഡബ്ലിയു.ഡി, മെഡിക്കൽ കോളേജ് എന്നിവരുടെ സഹകരണത്തോടെ ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം ചേർന്നതായും നടപടിക്രമങ്ങൾ നടക്കുന്നുണ്ടെന്നും ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ് പറഞ്ഞു.
സൗകര്യങ്ങൾ
1. രണ്ട് ബസ് ബേകൾ
2. പാർക്കിംഗ് സൗകര്യം
3. റെസ്റ്റ് റൂം
4. നഗരസഭാ ആവശ്യങ്ങൾക്കുള്ള സ്ഥലം
5. മെഡിക്കൽ കോളേജിലേക്കെത്തുന്ന കാൽനട യാത്രക്കാർക്ക് അണ്ടർ ഗ്രൗണ്ട് പാത്ത് വേ
നിലവിൽ കെട്ടിടം പ്രവൃത്തി തുടങ്ങാൻ തടസങ്ങളില്ല. ടെർമിനൽ കെട്ടിടനിർമ്മാണ അനുമതിക്കായി സർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ട്. അനുമതി ലഭിച്ചാൽ ഉടൻ നിർമ്മാണം ആരംഭിക്കും.
-യു.ബിനി,
കോർപ്പറേഷൻ സെക്രട്ടറി
പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങൾ നടത്തി. നടപടിയുണ്ടായില്ല. യാത്രക്കാർ, പൊതുപ്രവർത്തകർ, വിവിധ സന്നദ്ധസംഘടനകൾ, ഓട്ടോ, ബസ് തൊഴിലാളികൾ തുടങ്ങിയവരെ വിളിച്ചുചേർത്ത് ഓപ്പൺ ചർച്ച സംഘടിപ്പിക്കും.
-ടി.കെ.അസീസ്, പ്രസിഡന്റ്,
ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതി