s

കോഴിക്കോട്: ത​റ​ക്ക​ല്ലി​ട്ട് 15 വ​ർ​ഷം കഴിഞ്ഞിട്ടും മെ​ഡിക്കൽ കോ​ളേജ് ബ​സ് ടെർമിനൽ യാഥാർത്ഥ്യമാകാത്തത് ജനത്തെ വലയ്ക്കുന്നു. ടെർമിനലിന്റെ പേരിൽ മെഡിക്കൽ കോളേജിൽ നിന്ന് മാവൂർ ഭാഗത്തേക്ക് പോകുന്നിടത്തെ ബസ് കാ​ത്തി​രി​പ്പുകേ​ന്ദ്രം ര​ണ്ടു വ​ർ​ഷം മു​മ്പ് കോർപ്പറേഷൻ പൊ​ളി​ച്ചു. ഇതോടെ യാത്രക്കാർ പൊരി വെയിലത്തും കോരിച്ചൊരിയുന്ന മഴയത്തും ബസ് കാത്തുനിൽക്കേണ്ട അവസ്ഥയായി. ഈ ഭാഗത്ത് ആംബുലൻസുകൾ നിറുത്തിയിടുന്നതിനാൽ ബസ് കയറാൻ റോഡിലിറങ്ങേണ്ട സ്ഥിതിയാണ്.

2009ൽ അന്നത്തെ മന്ത്രി പാലോളി മുഹമ്മദ് കുട്ടിയാണ് ബസ് ടെർമിനലിന് ത​റ​ക്ക​ല്ലി​ട്ട​ത്. എ​ന്നാ​ൽ പി​ന്നീ​ട് ഭൂ​മി സം​ബ​ന്ധ​മാ​യ നി​യ​മ പ്രശ്നങ്ങളെ തുടർന്ന് നി​ർമ്മാ​ണം നിലച്ചു. നിയമ പ്രശ്നങ്ങൾ അ​വ​സാ​നി​ച്ച് കോ​ർ​പ്പ​റേ​ഷ​ൻ കഴിഞ്ഞ ബ​ഡ്ജറ്റി​ൽ തു​ക വ​ക​യി​രു​ത്തി​യെങ്കിലും നി​ർ​മ്മാ​ണം തു​ട​ങ്ങി​യി​ല്ല. മെഡിക്കൽ കോളേജ്- മാവൂർ റോഡിന് സമീപത്താണ് ടെർമിനലിനായി സ്ഥലം കണ്ടെത്തിയത്.

ദുരിതം പേറാൻ ജനം

രോഗികളും കൂട്ടിരിപ്പുകാരും വി​ദ്യാ​ർത്ഥിക​ളു​മ​ട​ക്കം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ഇ​വി​ടെ നിന്ന് ബ​സ് ക​യറുന്നത്. സ്റ്റോപ്പില്ലാത്തതിനാൽ ഫുട്ട് പാത്തിലാണ് ബസ് കാത്തുനിൽക്കുന്നത്. ഇത് അ​പ​ക​ടങ്ങൾക്കും കാരണമാകുന്നുണ്ട്. ആശുപത്രിയിൽ നിന്ന് മരുന്നും മറ്റ് മെഡിക്കൽ ഉപകരണങ്ങളും വാങ്ങാനെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഏറെ പ്രയാസവും സൃഷ്ടിക്കുന്നുണ്ട്. നാ​ട്ടു​കാ​രും വിവിധ സംഘടനകളും പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യില്ല.

ചെലവ് 200 കോ​ടി

ര​ണ്ട​ര ഏ​ക്ക​ർ സ്ഥ​ല​ത്ത് 200 കോ​ടി ചെ​ല​വി​ലാ​ണ് പി.​പി.​പി വ്യ​വ​സ്ഥ​യി​ൽ അ​ഞ്ചുനി​ല ടെ​ർ​മി​ന​ൽ നി​ർ​മ്മി​ക്കു​ന്ന​ത്. ടെ​ർ​മി​ന​ൽ പ്ലാ​നി​ൽ വ്യ​ക്ത​ത വ​രു​ത്താ​ൻ പി.ഡബ്ലിയു.ഡി, മെഡിക്കൽ കോളേജ് എന്നിവരുടെ സഹകരണത്തോടെ ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം ചേർന്നതായും നടപടിക്രമങ്ങൾ നടക്കുന്നുണ്ടെന്നും ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ് പറഞ്ഞു.

സൗകര്യങ്ങൾ

1. രണ്ട് ബസ് ബേകൾ

2. പാർക്കിംഗ് സൗകര്യം

3. റെസ്‌റ്റ് റൂം

4. നഗരസഭാ ആവശ്യങ്ങൾക്കുള്ള സ്ഥലം

5. മെഡിക്കൽ കോളേജിലേക്കെത്തുന്ന കാൽനട യാത്രക്കാർക്ക് അണ്ടർ ഗ്രൗണ്ട് പാത്ത് വേ

നിലവിൽ കെട്ടിടം പ്രവൃത്തി തുടങ്ങാൻ തടസങ്ങളില്ല. ടെ​ർ​മി​ന​ൽ കെ​ട്ടി​ട​നി​ർ​മ്മാ​ണ അ​നു​മ​തി​ക്കാ​യി സ​ർ​ക്കാ​രിന് അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്. അ​നു​മ​തി ല​ഭി​ച്ചാ​ൽ ഉ​ട​ൻ നി​ർ​മ്മാ​ണം ആ​രം​ഭി​ക്കും.

-യു.ബി​നി,

കോ​ർ​പ്പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി

പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങൾ നടത്തി. നടപടിയുണ്ടായില്ല. യാത്രക്കാർ, പൊതുപ്രവർത്തകർ, വിവിധ സന്നദ്ധസംഘടനകൾ, ഓട്ടോ, ബസ് തൊഴിലാളികൾ തുടങ്ങിയവരെ വിളിച്ചുചേർത്ത് ഓപ്പൺ ചർച്ച സംഘടിപ്പിക്കും.

-ടി.കെ.അസീസ്, പ്രസിഡന്റ്,

ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതി