img

വടകര: കണ്ണൂക്കര റെയിൽവെ ഗേറ്റിനു സമീപം പ്രശാന്തിയിൽ പ്രഭാകരൻ- ഷീന ദമ്പതികളുടെ മക്കളായ സിദ്ധാർത്ഥ്.പി.എസും ഗൗരി നന്ദ.പി.എസും കടുത്ത മത്സരത്തിലാണ്. വഴക്കിടാനല്ല ഈ മത്സരം. തങ്ങളുടെ ഉള്ളിലെ താത്പര്യങ്ങളെയും കലാവാസനകളേയും പുറത്തെടുത്താണ് ഈ ഇരട്ട സഹോദരങ്ങൾ കൊമ്പുകോർക്കുന്നത്.

ചിത്രരചന, ക്ലേ മോഡലിംഗ്, ബോട്ടിൽ ആർട്ട്,​ ഉടഞ്ഞ ഗ്ലാസുകൾ, ബൾബ്ബുകൾ തുടങ്ങി കണ്ണിൽ കാണുന്നതെന്തും കൗതുക വസ്തുക്കളാക്കുകയാണ് ഗൗരി നന്ദയുടെ ഹോബി. വാട്ടർ കളർ, ആക്രിലിക്, മെറ്റാലിറ്റിക് തുടങ്ങിയവയിലാണ് കരവിരുത്. ബുദ്ധൻ, കഥകളി, കുട്ടികളുടെ കളിപ്പാട്ടവസ്തുക്കളടക്കം നിർമ്മിച്ചിട്ടുണ്ട്.

യു ട്യൂബിനെ കൂട്ടുപിടിച്ചാണ് സഹോദരൻ സിദ്ധാർത്ഥിന്റെ കണ്ടുപിടിത്തങ്ങൾ. ഇലക്ട്രോണിക്സ് പ്രവർത്തനങ്ങൾ നിരീക്ഷിച്ച് ത്രീഡി ഗ്രിംന്റിംഗ്, പ്രോഗ്രാമിംഗ്, റോബോട്ടിക്സ് എന്നിവയിലാണ് പരീക്ഷണങ്ങൾ. വടകര ബ്ലോക്ക് പഞ്ചായത്തിന്റെ ഗിഫ്റ്റ് ചിൽഡ്രൻസ് പദ്ധതിയിൽ പ്രോഗ്രാമിംഗ് പരിശീലനത്തിന് സെലക്ഷൻ കിട്ടിയിരുന്നു ഈ കൊച്ചുമിടുക്കന്. ലിറ്റിൽ കൈറ്റിലും പ്രവേശനം ലഭിച്ചിട്ടുണ്ട് എൽ.എസ്.എസ്.യു.എസ്.എസ്, എൻ.എം.എം.എസ് സ്കോളർഷിപ്പുകൾക്കും അർഹനായി. ഓൺലൈനായി ത്രിഡി പ്രിന്റർ വാങ്ങിച്ച് വിവിധങ്ങളായ മോഡലുകൾ നിർമ്മിക്കുകയാണ് നിലവിൽ സിദ്ധാർത്ഥ്. ശാസ്ത്രജ്ഞനാകണമെന്നാണ് ആഗ്രഹം.

സഹോദരങ്ങളുടെ മത്സരം കാരണം വീട് മുഴുവൻ വിവിധ നിർമ്മിതികൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മടപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ്.