koode
പെരുന്തട്ടയിൽ പുലിക്കായി കൂട് സ്ഥാപിക്കുന്നു

കൽപ്പറ്റ: പെരുന്തട്ടയിൽ ജനവാസ മേഖലയിൽ ഇറങ്ങി ഭീതി പരത്തുന്ന പുലിയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു. കഴിഞ്ഞദിവസം പുലി പശുവിനെ കൊലപ്പെടുത്തിയ പെരുന്തട്ട ക്രഷറിന് സമീപമാണ് കൂട് സ്ഥാപിച്ചത്. മേപ്പാടി ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർ പി. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് കൂടുവെച്ചത്. പുലിയെ കൂട്ടിലേക്ക് ആകർഷിക്കുന്നതിന് ആടിനെയും കെട്ടിയിട്ടിട്ടുണ്ട്. കൂടുന്നുള്ളിൽ മറ്റൊരു സമാന്തരക്കൂട് സ്ഥാപിച്ച് അതിനുള്ളിലാണ് ആടിനെ കെട്ടിയത്. ഇതിനാൽ തന്നെ പുലി കുടുങ്ങിയാലും ആടിന് ജീവനഷ്ടമാകില്ല. രണ്ടാഴ്ച മുൻപ് തിരുപുരത്ത് പുലിയെ പിടികൂടിയ അതേകൂടാണ് ഇവിടെയും സ്ഥാപിച്ചത്. അധികം വൈകാതെ പുലി കെണിയിൽ ആകുമെന്ന് പ്രതീക്ഷയിലാണ് വനം വകുപ്പ്. കഴിഞ്ഞദിവസം രണ്ട് പശുക്കളെയാണ് പുലി ആക്രമിച്ചിരുന്നത്. ഒന്നിനെ കൊലപ്പെടുത്തുകയും മറ്റൊന്നിനെ കൊന്നു തിന്നുകയും ചെയ്തിരുന്നു. പട്ടാപ്പകൽ പുലിയിറങ്ങാൻ തുടങ്ങിയതോടെ നാട്ടുകാർ എത്രയും വേഗം പുലിയെ പിടികൂടണം എന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് വനം വകുപ്പ് പെട്ടെന്ന് തന്നെ കൂട് സ്ഥാപിച്ചത്. ശനിയാഴ്ച വൈകുന്നേരം ജനവാസ മേഖലയിൽ വീണ്ടും പുലിയെ കണ്ടിരുന്നു. പെരുന്തട്ട സ്‌കൂളിലേക്ക് വിദ്യാർത്ഥികൾ നടന്നുപോകുന്ന സ്ഥലത്ത് ഉൾപ്പെടെ പുലി എത്തിയിരുന്നു. ഇതേ തുടർന്ന് നാട്ടുകാർ വനം വകുപ്പിനെതിരെ സമരത്തിന് തയ്യാറെടുക്കുന്നതിനിടയിലാണ് പെട്ടെന്ന് തന്നെ വനം വകുപ്പ് കൂടുവെച്ചത്. ടി സിദ്ധിഖ് എംഎൽഎയും സ്ഥലത്ത് എത്തിയിരുന്നു. എംഎൽഎയുടെ നേതൃത്വത്തിൽ പ്രദേശത്ത് സർവകക്ഷിയോഗം നടന്നു.

പെരുന്തട്ടയിൽ പുലിക്കായി കൂട് സ്ഥാപിക്കുന്നു