സുൽത്താൻബത്തേരി: ഒന്നര ലക്ഷത്തോളം വരുന്ന ഗോത്ര വിഭാഗക്കാരുടെ കാര്യങ്ങൾ നോക്കാൻ വെറും 15 ടി.ഇ.ഒമാർ മാത്രം. ഏറെ ഗോത്ര വർഗ്ഗക്കാർ അധിവസിക്കുന്ന വയനാട് ജില്ലയിൽ ഇവരുടെ കാര്യങ്ങൾ കൃത്യമായി നോക്കി നടത്താൻ ഇരുപത്തിയഞ്ച് പേർ വേണ്ടിടത്താണ് 15 ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർമാർ മാത്രമുള്ളത്. മൂന്നു നഗരസഭകളിലും 23 പഞ്ചായത്തുകളിലുമായാണ് ഈ 15 ഓഫീസർമാർ അധികസമയം ജോലി ചെയ്യുന്നത്. മിക്ക ഓഫീസുകളിലും ക്ലാർക്കുമാർ ഇല്ലാത്തതും പ്രതിസന്ധി ഇരട്ടിയാക്കുകയാണ്. വൈത്തിരി താലൂക്കിൽ കൽപ്പറ്റ നഗരസഭ, മേപ്പാടി മൂപ്പൈനാട് പഞ്ചായത്തുകളും കൈകാര്യം ചെയ്യാൻ ഒരു ടി.ഇ.ഒയും ഒരു ക്ലാർക്കും മാത്രമാണുള്ളത്. മുട്ടിൽ, കോട്ടത്തറ, തരിയോട്, പൊഴുതന എന്നീ പഞ്ചായത്തുകളിൽ ട്രൈബൽ ഓഫീസർമാരില്ല. തൊട്ടടുത്ത പഞ്ചായത്തിലെ ടി.ഇ.ഒമാരാണ് ഈ പഞ്ചായത്തുകളിലെ ഗോത്ര വിഭാഗക്കാരുടെ കാര്യങ്ങൾ നോക്കുന്നത്. ടി.ഇ.ഒമാരുള്ള ഒഫീസുകളിൽ കൽപ്പറ്റ ഒഴികെ മറ്റൊരിടത്തും ക്ലാർക്കുമാരുമില്ല. മാനന്തവാടി താലൂക്കിൽ നഗരസഭയ്ക്കും എടവക പഞ്ചായത്തിനുമായി ഒരു ടി.ഇ.ഒയും ക്ലാർക്കുമാണുള്ളത്. വെള്ളമുണ്ട തൊണ്ടനാട് പഞ്ചായത്തുകൾ കൈകാര്യം ചെയ്യാനും ഒരു ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ മാത്രമാണ് ഉള്ളത്. ഇവിടെ ക്ലാർക്ക് ഇല്ല. തലപ്പുഴ പഞ്ചായത്തിൽ ടി.ഇ.ഒ ഉണ്ടെങ്കിലും ക്ലാർക്ക് ഇല്ല. അതേസമയം ഏറ്റവും കൂടുതൽ ഗോത്ര വിഭാഗക്കാരുള്ള തിരുനെല്ലി പഞ്ചായത്തിലും പനമരം പഞ്ചായത്തിലുമാണ് ഓരോ ടി.ഇ.ഒമാരും ക്ലാർക്കുമാരുമുള്ളത്. സുൽത്താൻ ബത്തേരി താലൂക്കിൽ നഗരസഭയ്ക്കും ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തായ നെന്മേനി പഞ്ചായത്തിലേക്കുമായി ഒരു ടി.ഇ.ഒ മാത്രമാണുള്ളത്. ഇവിടെ ക്ലാർക്കില്ല. അമ്പലവയൽ മീനങ്ങാടി പഞ്ചായത്തുകൾ, പുൽപ്പള്ളി മുള്ളൻകൊല്ലി പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കായി ഒരോ ഓഫീസർമാരും ഓരോ ക്ലാർക്കുമാരുണുള്ളത്. ജില്ലയിൽ കൂടുതൽ ഗോത്ര വിഭാഗക്കാർ താമസിക്കുന്ന നൂൽപ്പുഴയിൽ ഒരു ഓഫീസറും ക്ലാർക്കുമുണ്ടെങ്കിലും പൂതാടി പഞ്ചായത്തിൽ ഒരു ടി.ഇ.ഒ മാത്രമാണുള്ളത്. ടി.ഇ.ഒ യ്ക്ക് പുറമെ മിക്ക ഓഫീസുകളിലും ക്ലാർക്കും ഇല്ല. ഇവിടെയെല്ലാം ഓഫീസർ തന്നെയാണ് ക്ലാർക്കിന്റെ ജോലിയും ചെയ്യുന്നത്. ക്ലർക്കുമാരില്ലാത്ത ടി.ഇ.ഒ ഓഫീസുകളിൽ അമിത ജോലിയാണ് ഓഫീസർമാർക്ക് ചെയ്യേണ്ടി വരുന്നത്.
ടി.ഇ.ഒയെ സഹായിക്കുന്നതിനായി ക്ലർക്കിന് പുറമെ എ. ഇയും, ഓരോ വാർഡും കേന്ദ്രീകരിച്ച് പ്രമോട്ടർ മാരുമുണ്ട്. വാർഡിലെ ഓരോ കാര്യങ്ങളും കൃത്യമായി ഓഫീസറെ അറിയിക്കേണ്ട ചുമതല പ്രെമോട്ടർമാർക്കാണ്. പക്ഷേ ഇവരെയെല്ലാം ഓരോ വർഷത്തേക്കാണ് താൽക്കാലികമായി നിയമിക്കുന്നത് എന്നതിനാൽ കാര്യങ്ങൾ പഠിച്ചു വരമ്പോൾ ഇവരുടെ കാലാവധിയും കഴിയും. ഇതും ഓഫീസർമാരെ പ്രതിസന്ധിയിലാക്കുകയാണ്.