news

കുറ്റ്യാടി: മരുതോങ്കര, ചങ്ങരോത്ത് പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന കുറ്റ്യാടി പുഴയുടെ ആഴങ്ങൾ ഏവരേയും ഭയപ്പെടുത്തുന്നതാണ്. മരുതോങ്കര പഞ്ചായത്തിലെ അടുക്കത്ത് ഭാഗവും ചങ്ങരോത്ത് പഞ്ചായത്തിലെ ചെറിയ കുമ്പളം ഭാഗങ്ങളിലും കഴിഞ്ഞ വർഷങ്ങളിൽ കുളിക്കാനിറങ്ങി മരിച്ചവരിൽ അധികവും കുട്ടികളാണ്. ഇന്നലെ മരണപ്പെട്ട റിസ്വാനും സിനാനും ഒഴിവ് ദിനമായതിനാൽ വീട്ടിൽ നിന്ന് കളിക്കാൻ പോയതായിരുന്നു. കളി കഴിഞ്ഞ് പുഴയിലേക്കിറങ്ങിയപ്പോഴായിരുന്നു അപകടം.

ആദ്യം പുഴയിലിറങ്ങിയ റിസ്വാനെ രക്ഷിക്കുന്നതിനിടെയാണ് സിനാൻ അപകടത്തിൽപ്പെട്ടത്. വിവരമറിഞ്ഞെത്തിയ നാട്ടുകാർ,​ കുറ്റ്യാടി ജനകീയ ദുരന്തനിവാരണ പ്രവർത്തകർ പൊലീസ്, ഫയർഫോഴ്സ് എന്നിവർ ചേർന്ന് നടത്തിയ തെരച്ചിലിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ ലഭിച്ചത്. കുറ്റ്യാടി ഗവ. ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും. പഠനത്തിനപ്പുറം വിവിധ മേഖലയിൽ നിറഞ്ഞ് നിന്നവർ അകാലത്തിൽ വേർപിരിഞ്ഞതിലുള്ള ഞെട്ടലിലാണ് കൂട്ടുക്കാരും നാട്ടുകാരും.

പൊലിഞ്ഞത് 10ലധികം ജീവൻ

പത്തിലധികം പേരാണ് ഈ ഭാഗത്ത് മുങ്ങി മരിച്ചിട്ടുള്ളത്. അതിൽ ഭൂരിഭാഗവും ചെറുപ്രായത്തിലുള്ളവരാണ്. കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന പ്രവർത്തകർ സുരക്ഷ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ അതിനപ്പുറം യാതൊരു സുരക്ഷ സംവിധാനവും ഇവിടെ ഒരുക്കിയിട്ടില്ല. അപകട മുനമ്പായ ഈ ഭാഗത്ത് കമ്പിവേലിയെങ്കിലും കെട്ടണമെന്നാണ് കുറ്റ്യാടി ദുരന്തനിവാരണ സേന ചെയർമാൻ നരയൻ കോടൻ ബഷീർ പറയുന്നത്.