
കോഴിക്കോട്: പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റാനുള്ള തീരുമാനത്തിനെതിരെ സമരസമിതി നടത്തുന്ന പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് രംഗത്ത്. മാസങ്ങളായി വ്യാപാരികളും തൊഴിലാളികളും സമരത്തിലാണ്. ഇതിനിടെയാണ് ഇന്നലെ എം.കെ.രാഘവൻ എം.പി ഉപവാസസമരവുമായി രംഗത്തെത്തിയത്.
ഇതോടെ കോടികൾ ചെലവഴിച്ച് കല്ലുത്താൻ കടവിൽ പണിത പച്ചക്കറി മാർക്കറ്റ് സമുച്ചയം തീരാപ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. തൊഴിലാളികൾക്കും വ്യാപാരികൾക്കും ഒപ്പമാണ് കോൺഗ്രസെന്നും സമരവുമായി മുന്നോട്ട് പോകുന്നതിന് പിന്തുണ നൽകുമെന്നും ഉപവാസ സമരം ഉദ്ഘാടനം ചെയ്ത കോൺഗ്രസ് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ആയിരക്കണക്കിന് ആളുകളാണ് പാളയം പച്ചക്കറി മാർക്കറ്റ്, അനുബന്ധ മേഖലയായ ഫ്രൂട്സ് മാർക്കറ്റും ജയന്തി ബിൽഡിംഗ്, ജി.എച്ച് റോഡ് എന്നീ പ്രദേശങ്ങളിൽ ഉപജീവനം നടത്തുന്നത്. സാധാരണക്കാർക്ക് നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ സൗകര്യപ്രദമായി വാങ്ങി ബസിൽ കൊണ്ടുപോകാം എന്നുള്ളതാണ് പാളയത്തിന്റെ പ്രത്യേകത. നടപടിയിൽ നിന്ന് കോർപ്പറേഷൻ പിന്മാറണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം. ബസ് സ്റ്റാൻഡും വഴിയോര കച്ചവടക്കാരും മാർക്കറ്റിന് ഒഴിച്ചുകൂടാനാവാത്തതാണ്. പാളയത്ത് നിന്ന് മാർക്കറ്റ് മാറ്റുമ്പോൾ ഈ ബന്ധം പ്രതിസന്ധിയിലാവുമെന്നാണ് വ്യാപാരികൾ പറയുന്നത്.
തൊട്ടതിലെല്ലാം അഴിമതി മാത്രമാണ് കോർപ്പറേഷന്റെ മുഖമുദ്ര. മാർക്കറ്റ് മാറ്റുന്നതും അഴിമതിയുടെ ഭാഗമാണ്. തൊഴിലാളികളുടെ ജീവിതം വഴിമുട്ടുന്ന അവസ്ഥയ്ക്കെതിരായാണ് എം.പിയുടെ ഉപവാസ സമരം. ഒരു കാരണവശാലും മാർക്കറ്റ് ഒഴിപ്പിക്കാൻ കോൺഗ്രസ് അനുവദിക്കില്ല. ഒഴിപ്പിക്കാൻ വരുന്നവരെ മാർക്കറ്റിൽ കാലു കുത്താൻ അനുവദിക്കില്ല.
-രമേശ് ചെന്നിത്തല
ഒരു കാരണവശാലും മാർക്കറ്റിലുള്ളവരെ കുടിയിറക്കാൻ അനുവദിക്കില്ല. ഇത് തുടക്കം മാത്രമാണ്. 2025ൽ നടക്കുന്ന കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ കുത്തക അവസാനിപ്പിക്കും. പാളയത്തെ ചെറുകിട വ്യാപാരികളെ കുടിയിറക്കാൻ അനുവദിക്കില്ല. ആരെ കൊണ്ടുവന്നാലും അതിന് മുൻപിൽ നെഞ്ചുവിരിച്ചു നിന്ന് എതിർക്കാൻ കോൺഗ്രസ് ഉണ്ടാവും.
-എം.കെ രാഘവൻ എം.പി
മാർക്കറ്റ് മാറ്റാനുള്ള നടപടികളുമായി കോർപ്പറേഷൻ മുന്നോട്ടുപോകും. കല്ലുത്താൻ കടവിൽ പുതിയ മാർക്കറ്റിന്റെ പണി പുരോഗമിക്കുകയാണ്. പലരും രാഷ്ട്രീയമായി മുതലെടുക്കാൻ ശ്രമിക്കുന്നു.
-പി.സി.രാജൻ,
പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ