
കോഴിക്കോട്: വയോജനങ്ങളുടെ ക്ഷേമത്തിനും പ്രശ്ന പരിഹാരങ്ങൾക്കുമായി സംസ്ഥാനത്ത് വയോജന കമ്മിഷൻ രൂപീകരിക്കുമെന്ന് മന്ത്രി ഡോ. ആർ.ബിന്ദു പറഞ്ഞു. ജില്ലാതല വയോജന കമ്മിറ്റി അംഗങ്ങൾക്കായുള്ള ഏകദിന പരിശീലനം കോഴിക്കോട് ഐ.എം.ജിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കമ്മിഷൻ നിലവിൽ വരുന്നതോടെ വയോജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും അവരുടെ ക്ഷേമം ഉറപ്പാക്കാനും സാധിക്കും. വയോജന സംരക്ഷണത്തിൽ റോബോട്ടിക്സ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകളെ കൂടുതലായി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പദ്ധതികൾ വരേണ്ടതുണ്ടെന്നും വയോജനങ്ങൾക്കിടയിൽ ഡിജിറ്റൽ സാക്ഷരത ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ ഊർജ്ജിതമാക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാന വയോജന കൗൺസിൽ കൺവീനർ അമരവിള രാമകൃഷ്ണൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.എ.സരള, വി.എ.എൻ.നമ്പൂതിരി, എച്ച്.ദിനേശൻ, അഞ്ജു മോഹൻ എന്നിവർ പ്രസംഗിച്ചു. വിവിധ വിഷയങ്ങളിൽ എൽ.എസ്.ജി.ഡി അസിസ്റ്റന്റ് ഡയറക്ടർ കെ.സരുൺ, അസിസ്റ്റന്റ് കമ്മിഷണർ ഒഫ് പൊലീസ് എ.ഉമേഷ്, കോഴിക്കോട് ജനറൽ ആശുപത്രിയിലെ ഡോ. ജമീൽ ഷജീർ, കൺസിലിയേഷൻ ഓഫീസർ അഡ്വ. പി.മോഹനൻ, ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയർ സൂപ്രണ്ട് ബി.രാജീവ് എന്നിവർ ക്ലാസുകൾ നയിച്ചു.