സുൽത്താൻ ബത്തേരി: 2026 ഓടെ സുൽത്താൻ ബത്തേരി മേഖലയിൽ അനുഭവപ്പെടുന്ന രൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹാരം കാണാൻ കഴിയുമെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ. കാട്ടാന അടക്കമുള്ള വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ അഞ്ചു കോടി 24 ലക്ഷം രൂപയുടെ പ്രതിരോധ പ്രവർത്തനമാണ് മേഖലയിൽ നടപ്പാക്കുന്നതെന്നും 2024 മാർച്ച് വരെയുള്ള നഷ്ടപരിഹാരത്തുക നൽകിയതായും അദ്ദേഹം പറഞ്ഞു. സുൽത്താൻ ബത്തേരി, മുത്തങ്ങ, തോൽപ്പെട്ടി റെയിഞ്ച് ഓഫീസുകളുടെ കെട്ടിട നിർമ്മാണ ശിലാസ്ഥാപനവും കുപ്പാടി ആർ.ആർ.ടി ആൻഡ് വെറ്ററിനറി കോംപ്ലക്സിന്റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. വന്യമൃഗശല്യം തടയുന്നതിന് വനം വകുപ്പ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കി. ഇതിനായി വനസംരക്ഷണ സമിതികൾ ശക്തിപ്പെടുത്തണം എല്ലാവരെയും ഉൾപ്പെടുത്തിക്കൊണ്ട് അവരുടെ നിർദ്ദേശങ്ങൾകൂടി സ്വീകരിച്ച് പ്രശ്നങ്ങൾ പരിഹരിച്ചെങ്കിൽ മാത്രമേ സർക്കാർ അവർക്കൊപ്പം നിൽക്കുന്നുവെന്ന് ജനങ്ങൾക്ക് ബോധ്യമാവുകയുള്ളൂ. വന്യമൃഗശല്യം തടയുന്നതിനായി വയനാട് പാക്കേജിൽ രണ്ടു കോടി രൂപ വകയിരുത്തി 29. 9 കിലോമീറ്റർ ദൂരവും, എം.എൽ.എ ഐ.സി ബാലകൃഷ്ണന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 3 കോടി രൂപയിൽ 37. 5 കിലോമീറ്റർ ദൂരവും, 24 ലക്ഷം രൂപ ചെലവഴിച്ച് 3 കിലോമീറ്റർ ദൂരവും സോളാർ തൂക്ക് ഫെൻസിംഗ് ബത്തേരിയിലെ വിവിധ മേഖലകളിൽ സ്ഥാപിച്ചു വരുകയാണ്.
2026 ൽ ഇവ പൂർത്തിയാക്കുന്നതോടെ സുൽത്താൻബത്തേരി മേഖലയിൽ അനുഭവപ്പെടുന്ന രൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹാരം കാണാൻ കഴിയുമെന്ന പ്രതീക്ഷയാണ് ഉള്ളതതെന്ന് മന്ത്രി പറഞ്ഞു. വന്യമൃഗശല്യത്താൽ കൃഷി നശിച്ചവർക്കുള്ള നഷ്ടപരിഹാര തുകയിൽ 2024 മാർച്ച് വരെയുള്ള അപേക്ഷകളിന്മേൽ നഷടപരിഹാരം നൽകിയതായും തുടർന്നുള്ള അപേക്ഷകളിന്മേൽ നഷ്ട പരിഹാരം നൽകാൻ 25 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. വന്യമൃഗ ആക്രമണത്തിൽ മരണ സംഭവിച്ചവരുടെ കുടുംബങ്ങൾക്കുള്ള ആദ്യഗഡു നഷ്ടപരിഹാര തുക നൽകുകയും, മതിയായ രേഖകൾ ഹാജരാക്കാത്തതിനാലാണ് രണ്ടാം ഗഡു നൽകാൻ തടസ്സമെന്നും ഈ രേഖകൾ ഹാജരാക്കാൻ ജനപ്രതിനിധികൾ അടക്കം ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ അനുകൂല സാഹചര്യം ഉപയോഗിച്ച് മെച്ചപ്പെട്ട സേവനങ്ങൾ ജനങ്ങൾക്ക് ചെയ്തു നൽകാൻ ഉദ്യോഗസ്ഥർ ശ്രമിക്കണം. പ്രതിരോധ പ്രവർത്തനങ്ങളും ജീവനക്കാരെ ശാക്തീകരിക്കലും ഇപ്പോൾ വനം വകുപ്പിൽ നടന്നുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി തുടർന്ന് പറഞ്ഞു. ഐ.സി ബാലകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ ടി.കെ രമേശ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷീജ സതീഷ്, പി.വി ബാലകൃഷ്ണൻ, സി.സി.എഫ്.കെ വിജയാനന്ദൻ, ഉത്തരമേഖലാ സി.സി.എഫ്.കെ.എസ് ദീപ, വൈൽഡ് ലൈഫ് വാർഡൻ സൂരജ് ബെൻ, ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയിടക്കമുള്ള ജനപ്രതിനിധികളും വകുപ്പ് ഉദ്യോഗസ്ഥരും സംബന്ധിച്ചു.
മുത്തങ്ങ, ബത്തേരി, തോൽപ്പെട്ടി റെയിഞ്ച് ഓഫീസുകളുടെ കെട്ടിട നിർമ്മാണ ശിലാസ്ഥാപനം വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിക്കുന്നു