
കോഴിക്കോട്: സരോവരത്ത് വരാനിരുന്ന ബിൽ ഗേറ്റ്സ് ഫൗണ്ടേഷന്റെ 36 കോടിയുടെ മലിനജല സംസ്കരണപ്ലാന്റ് പദ്ധതി തിരുവനന്തപുരത്തേക്ക് മാറ്റിയതിനെ ചൊല്ലി മേയർ ഡോ. ബീന ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കോർപ്പറേഷൻ കൗൺസിലിൽ ബഹളം. യു.ഡി.എഫ് കൗൺസിൽ പാർട്ടി ലീഡർ കെ.സി.ശോഭിത നൽകിയ ശ്രദ്ധ ക്ഷണിക്കലിനു മറുപടി നൽകുകയായിരുന്നു മേയർ.
സരോവരത്ത് കോർപ്പറേഷൻ സ്ഥാപിക്കുന്ന സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിനടുത്ത് തന്നെയാണ് 200 കെ.എൽ.ഡി ശേഷിയുള്ള എഫ്.എസ്.ടി.പി (ഫീക്കൽ സ്ലഡ്ജ് ട്രീറ്റ്മെന്റ് പ്സാന്റ്) സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നത്. 38 കോടി രൂപയുടെ എഫ്.എസ്.ടി.പിയുടെ മുഴുവൻ ചെലവും ഫൗണ്ടേഷൻ വഹിക്കുന്നതായിരുന്നു പദ്ധതി. എന്നാൽ ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കി നൽകാതെ കോർപ്പറേഷന്റെ വീഴ്ച മൂലം പദ്ധതി തിരുവനന്തപുരത്തേക്ക് മാറ്റിയിരിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. തുടർന്ന് ഭരണപക്ഷ- പ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ വാക്കേറ്റമായി. ഏറെ നേരത്തെ വാക്കേറ്റത്തിനൊടുവിലാണ് ഡെപ്യൂട്ടി മേയർ സി.പി.മുസാഫിർ അഹമ്മദിന് മറുപടി പറയാനായത്. സ്വകാര്യ കമ്പനി തിരുവനന്തപുരത്ത് സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് സ്ഥാപിക്കാൻ തീരുമാനിച്ചിരുന്ന പ്ലാന്റ് സാങ്കേതിക അനുമതി കിട്ടാതായപ്പോൾ കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നെന്നും പിന്നീട് തിരുവനന്തപുരത്ത് അനുമതി ലഭിച്ചെന്നും ഡെപ്യൂട്ടി മേയർ അറിയിച്ചു.
പി.വി.അൻവർ ഉന്നയിച്ച ഗുരുതര ആരോപണങ്ങളുടെ വെളിച്ചത്തിൽ എ.ഡി.ജി.പി അജിത്ത്കുമാറിനെ സസ്‌പെൻഡ് ചെയ്ത് ജുഡിഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എസ്.കെ.അബൂബക്കർ കൊണ്ടു വന്ന അടിയന്തര പ്രമേയത്തിന് മേയർ അനുമതി നിഷേധിച്ചതും പ്രതിഷധത്തിനിടയാക്കി.
ലോറികൾക്ക് പാർക്കിംഗ് സ്ഥലം
നാഷണൽ പെർമിറ്റ് ലോറികൾക്ക് നഗരത്തിൽ പാർക്കിംഗ് സൗകര്യം ഒരുക്കുമെന്ന് മേയർ ഡോ. ബീന ഫിലിപ്പ് അറിയിച്ചു. നഗരത്തിൽ മതിയായ പാർക്കിംഗ് സൗകര്യമില്ലാത്തതിൽ നാഷണൽ പെർമിറ്റ് ലോറികളടക്കം റോഡ് സെെഡിലാണ് നിറുത്തുന്നത്. ഇത് നാട്ടുകാർക്കും പരിസരവാസികൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണെന്ന കൗൺസിലർ പ്രസന്നയുടെ ശ്രദ്ധക്ഷണിക്കലിലാണ് മേയറുടെ മറുപടി.
പാർക്കിംഗ് പ്രതിസന്ധിയും ചർച്ചയായി
നഗരത്തിലെ പാർക്കിംഗ് പ്രതിസന്ധിയും കോർപ്പറേഷൻ കൗൺസിലിൽ ചർച്ചയായി. കോർപ്പറേഷൻ അനുവദിച്ച പാർക്കിംഗ് സ്ഥലങ്ങളിൽ നിറുത്തിയിടുന്ന വാഹനങ്ങൾക്കെതിരെ ട്രാഫിക് പൊലീസ് കേസടുക്കുന്നതായി പ്രതിപക്ഷ കൗൺസിലർ എസ്.കെ.അബൂബക്കർ ശ്രദ്ധ ക്ഷണിച്ചു. പാവമണി റോഡിലാണ് കോർപ്പറേഷൻ പാർക്കിംഗിനായി മാർക്ക് ചെയ്ത സ്ഥലങ്ങളിൽ പൊലീസ് നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചത്. സംഭവത്തിൽ നടപടി സ്വീകരിക്കുമെന്ന് മേയർ പറഞ്ഞു. കോർപ്പറേഷന്റെ മുതലക്കുളം പാർക്കിംഗ് സ്ഥലം സ്വകാര്യ ഏജൻസികൾ മുതലെടുക്കുന്നതായി കൗൺസിലർ എൻ.സി.മോയിൻ കുട്ടി ചൂണ്ടിക്കാട്ടി.
ടൗൺ ഹാൾ നവീകരണം നീട്ടരുത്
നഗരത്തിന്റെ സാസ്കാരിക മുഖമായ ടൗൺ ഹാളിന്റെ നവീകരണം നീട്ടിക്കൊണ്ട് പോകരുതെന്നും ഉടൻ പൂർത്തിയാക്കണമെന്നും എസ്.കെ.അബൂബക്കർ ആവശ്യപ്പെട്ടു.