benny

കോട്ടയം : മലയാളികൾ നെഞ്ചിലേറ്റിയ മണിചിത്രത്താഴിന്റെ ഫോർ കെ റീമാസ്റ്റർ പതിപ്പും തിയേറ്ററിൽ തരംഗമാകുമ്പോൾ താരമായി മാറുകയാണ് ബെന്നി ജോൺസൺ. സിനിമയിലെ സംഗീതവും പശ്ചാത്തല സംഗീതവും അതിന്റെ ഗാംഭീര്യം ഒട്ടുംചോരാതെ എഐ സാങ്കേതിക വിദ്യയിലൂടെ സൂപ്പർ ഹിറ്റാക്കുകയായിരുന്നു ഈ കോട്ടയംകാരൻ. കോട്ടയം കീഴുകുന്നിലെ ഓഷിൻ ഗ്രീൻ സ്റ്റുഡിയോയിൽ അടുത്ത സൂപ്പർ ഹിറ്റ് ചിത്രമായ വല്യേട്ടന്റെ സംഗീത വിഭാഗം റീമാസ്റ്റർ ചെയ്യുന്ന തിരക്കിലാണ് ഇപ്പോൾ ബെന്നി ജോൺസൺ. സാങ്കേതികവിദ്യയുടെ വളർച്ചക്കൊപ്പം നീങ്ങിയ ബെന്നി വളരെ ശ്രദ്ധയോടെയാണ് മണിചിത്രത്താഴിന്റെ പശ്ചാത്തലസംഗീതവും രണ്ട് പാട്ടുകളുടെ ഓർക്കസ്ട്രയും വീണ്ടും ഒരുക്കിയത്. തന്റെ ഗുരുസ്ഥാനീയനായ എം.ജി രാധാകൃഷ്ണൻ സംഗീത സംവിധാനം നിർവഹിച്ച ഒരു മുറൈ വന്ത് പാർത്തായ, പഴം തമിഴ് പാട്ടിഴയും തുടങ്ങിയ ഗാനങ്ങൾ വളരെ കൃത്യതയോടെ ബെന്നിക്ക് ചെയ്യാൻ കഴിഞ്ഞു. ജോൺസൺ മാഷ് ഒരുക്കിയ പശ്ചാത്തല സംഗീതവും തനിമചോരാതെ വീണ്ടും ചലച്ചിത്രപ്രേമികളിലേക്കെത്തി.

31 വർഷം മുൻപ് എം.ജി രാധാകൃഷ്ണനൊപ്പം അസിസ്റ്റന്റായി ബെന്നിയും മണിചിത്രത്താഴിന്റെ ഭാഗമായിരുന്നു. വിവിധ ഭാഷകളിലായി അഞ്ഞൂറോളം സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ സഹായിയായി സഞ്ജിത്തും ഒപ്പമുണ്ട്.

സംഗീതത്തിനൊപ്പം 45 വർഷം

ഗായകനും നാടകനടനുമായ പിതാവ് കെ.പി.എസി ജോൺസണിൽ നിന്ന് ലഭിച്ച സംഗീത അഭിരുചിയാണ് കഴിഞ്ഞ നാൽപ്പത്തഞ്ചു വർഷക്കാലമായി സംഗീതലോകത്ത് ബെന്നിയെന്ന മ്യൂസിക്ക് പ്രോഗ്രാമറെ പിടിച്ചുനിർത്തിയത്. പൂർണപിന്തുണയോടെ ഭാര്യ കോട്ടയം സെൻ്റ് ജോസഫ് സ്കൂൾ അദ്ധ്യാപിക സുമിനമോളും മക്കളായ ഓഷിനും ഹെയ്സും ഇസ്രയും ഒപ്പമുണ്ട്.