
കോട്ടയം: കൊശമറ്റം പൈപ്പ് ലൈൻ റോഡ് തകർന്ന് കുളമായി. ഈ റോഡിലൂടെ പോയാൽ ചില ഭാഗത്തെത്തുമ്പോൾ ഇത് കുളമാണോയെന്ന് വരെ സംശയം തോന്നും. നൂറുകണക്കിന് യാത്രക്കാരുടെ ആശ്രയമാണ്. വാഹന യാത്രക്കാരുടെ നടുവൊടിക്കുന്ന തരത്തിലാണ് ചില കുഴികൾ. മഴ പെയ്താലുടൻ കുഴികളിൽ വെള്ളം കെട്ടി നിൽക്കുന്നതും വിനയാണ്. കുഴിയുടെ ആഴം അറിയാതെ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപ്പെടുന്നു. ചെറുതും വലുതുമായ നിരവധി കുഴികളാണ് ഇവിടെ. പല കുഴികളും ആഴമേറിയതായതിനാൽ അപകടത്തിന്റെ തീവ്രത വർദ്ധിക്കുന്നതായും യാത്രക്കാർ പറയുന്നു.
പൂവത്തുംമൂട് മുതൽ കളക്ട്രേറ്റ് വരെ
പൂവത്തുംമൂട്ടിൽ തുടങ്ങി കളക്ടറേറ്റിൽ അവസാനിക്കുന്നതാണ് പൈപ്പ് ലൈൻ റോഡ്. ഭാരമേറിയ വാഹനങ്ങൾക്ക് റോഡിൽ നിയന്ത്രണമുണ്ടെങ്കിലും തിരക്കൊഴിവാക്കി ചെറുവാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്. കഞ്ഞിക്കുഴി തിരുവഞ്ചൂർ റൂട്ടിൽ സഞ്ചരിക്കുന്ന യാത്രക്കാരിൽ പലരും തിരക്കൊഴിവാക്കാനും യാത്രാദൈർഘ്യം കുറയ്ക്കാനും ഈ റോഡാണ് ഉപയോഗിക്കുന്നത്. റോഡിൽ കൊശമറ്റം കവല മുതലുള്ള ഭാഗം പൂർണമായി തകർന്ന നിലയിലാണ്. മഴ പെയ്താൽ ഈ ഭാഗത്ത് റോഡ് കാണാൻ കഴിയാത്തവിധം കുഴികളിൽ വെള്ളം നിറയും. രാത്രികാലങ്ങളിൽ ഇതുവഴിയെത്തുന്നവർ അപകടത്തിൽപ്പെടുന്നത് പതിവാണ്. പൂഴിത്തുപടി മുതൽ മോസ്‌കോ വരെയുള്ള ഭാഗത്തും വലിയ കുഴികൾ യാത്രക്കാരെ ഭയപ്പെടുത്തുന്നു. ടാറിംഗ് പൂർത്തിയാക്കി ഒരു വർഷം പിന്നിടുന്ന റോഡാണ് തകർന്നു കിടക്കുന്നത്. വെള്ളപ്പൊക്കമുണ്ടാകുമ്പോൾ റോഡിന്റെ പല ഭാഗങ്ങളും മുങ്ങാറുണ്ട്. ഇതു തകർച്ചയുടെ ആഘാതം വർദ്ധിപ്പിക്കുന്നു. റോഡിനോടു ചേർന്നുള്ള കഞ്ഞിക്കുഴി തിരുവഞ്ചൂർ റോഡും പലയിടങ്ങളിലും തകർന്നു തുടങ്ങി. പുഴിത്തുറ ജംഗ്ഷന് സമീപം പൈപ്പ് ലൈൻ സ്ഥാപിക്കാൻ എടുത്ത കുഴി കോൺക്രീറ്റ് ചെയ്തുവെങ്കിലും തകർന്നു. പൂഴിത്തറ പടി മുതൽ മോസ്‌കോ വരെയുള്ള ഭാഗത്ത് രൂപപ്പെട്ടിരിക്കുന്ന കുഴികൾ ഇരുചക്രവാഹന യാത്രക്കാർക്ക് അപകടഭീഷണിയാണ്.
റോഡിലെ കുഴികൾ നികത്തണം. ടാറിംഗ് നടത്തി റോഡ് സഞ്ചാരയോഗ്യമാക്കണം. -യാത്രക്കാർ