കോട്ടയം: കൃഷി മന്ത്രി പി.പ്രസാദ് വകുപ്പിൽ നടക്കുന്നതൊന്നും അറിയുന്നില്ലെന്നും പൂ‌ർണമായും ഉദ്യോഗസ്ഥ ഭരണത്തിന് കീഴടങ്ങിയെന്നും അഖിലേന്ത്യ കിസാൻസഭ ജില്ലാ സമ്മേളനത്തിൽ വിമർശനം. ഒരുപാട് മഹാരഥൻമാർ ഇരുന്ന കസേരയുടെ അന്തസ് കാണിക്കണമെന്നും വിമർശനമുയർന്നു. സി.പി.ഐക്ക് കീഴിലുള്ള മൂന്ന് മന്ത്രിമാർക്കെതിരെയും സമ്മേളനത്തിൽ വിമർശനമുയർന്നു. കർഷകനായൊരാൾ കൃഷി മന്ത്രിയായപ്പോൾ ജനങ്ങൾ ഒരുപാട് കാര്യങ്ങൾ പ്രതീക്ഷിച്ചു. എന്നാൽ വകുപ്പിൽ നടക്കുന്നത് പോലും മന്ത്രി അറിയുന്നില്ലെന്നായിരുന്നു കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള പ്രതിനിധിയുടെ വിമർശനം. വകുപ്പിൽ അടിമുടി ഉദ്യോഗസ്ഥരുടെ അഴിമതിയാണ്. നെൽകർഷകരുടെ ആത്മഹത്യയുടെ ഉത്തരവാദിത്വത്തിൽ നിന്ന് ഇരുമന്ത്രിമാർക്കും ഒഴിഞ്ഞുമാറാനാവില്ലെന്നും അഭിപ്രായമുയ‌ർന്നു. ഇന്നലെ നടന്ന സമാപന സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു.