
ഭരണങ്ങാനം: നാലു വർഷത്തേക്ക് മാത്രമേ തനിക്ക് പ്രസിഡന്റ് സ്ഥാനം ഉള്ളൂവെന്നും ആ സമയം കഴിഞ്ഞെന്നും പാർട്ടി നേതാക്കൾ വിളിച്ച് പറഞ്ഞു. മുൻധാരണയനുസരിച്ച് രാജിവയ്ക്കണമെന്നും അറിയിച്ചു. പക്ഷേ ഈ ധാരണയെക്കുറിച്ച് എനിക്കറിയില്ലായിരുന്നു. അത്തരമൊരു സൂചന നേതാക്കൾ എനിക്ക് തന്നിട്ടുമില്ല. എന്തായാലും ഞാൻ രാജിവച്ചു-കഴിഞ്ഞദിവസം ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് പദവി രാജിവച്ച ലിസി സണ്ണി ''കേരള കൗമുദി''യോട് പറഞ്ഞു.
കഴിഞ്ഞ നാലുവർഷമായി ഭരണങ്ങാനം പഞ്ചായത്തിനെ നല്ല രീതിയിൽ നയിച്ച കോൺഗ്രസ് പ്രവർത്തക കൂടിയായ ലിസി സണ്ണിയുടെ രാജി ആരും പ്രതീക്ഷിക്കാത്ത നേരത്തായിരുന്നു. കഴിഞ്ഞ 30ന് ഉച്ചയ്ക്ക് മൂന്നിന് ചേർന്ന പഞ്ചായത്ത് കമ്മറ്റിക്ക് ശേഷമാണ് രാജിവച്ചത്. പഞ്ചായത്ത് സെക്രട്ടറി ഇൻചാർജ്ജ് രശ്മി മോഹൻ മുമ്പാകെയാണ് രാജിക്കത്ത് സമർപ്പിച്ചത്.
യു.ഡി.എഫ്. ഭരിക്കുന്ന പഞ്ചായത്തിൽ കോൺഗ്രസിലെ തന്നെ ബീന ടോമിക്കാണ് അടുത്ത ഊഴമെന്നാണ് സൂചന. ആകെയുള്ള 13 സീറ്റിൽ 6 സീറ്റാണ് യു.ഡി.എഫിനുള്ളത്. ഇതിൽ ജോസഫ് ഗ്രൂപ്പിന്റെ ഒരംഗമായ ലിൻസി സണ്ണിയും യു.ഡി.എഫിലുണ്ട്. എന്നാൽ ഇവർ പ്രസിഡന്റ് സ്ഥാനത്തേക്ക് വരാൻ താല്പര്യപ്പെട്ടില്ലത്രെ.
നീക്കങ്ങൾ തകൃതി
ഇതേസമയം 13 അംഗ ഭരണസമിതിയിൽ മുൻ വൈസ് പ്രസിഡന്റും സ്വതന്ത്രനുമായ വിനോദ് വേരനാനിയുടെയും മറ്റൊരു വനിതാ മെമ്പറുടെയും കൂടി പിന്തുണയോടെ എൽ.ഡി.എഫിനും ആറ് അംഗങ്ങളുണ്ട്. ബി.ജെ.പി.ക്ക് ഒരു പ്രതിനിധിയുണ്ടെങ്കിലും വോട്ടെടുപ്പിൽ പങ്കെടുക്കാൻ സാദ്ധ്യതയില്ല. മുമ്പ് രണ്ടുതവണ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. യു.ഡി.എഫിലെ ബീനാ ടോമിക്കെതിരായി സി.പി.എം. പ്രതിനിധിയായ ജെസി ജോസിനെ മത്സരിപ്പിച്ചാൽ പിന്തുണയ്ക്കുമെന്നാണ് വിനോദും ഒപ്പമുള്ളൊരു വനിതാ മെമ്പറും പറയുന്നത്. ഇതേസമയം ജെസി ജോസിനെ മത്സരിപ്പിക്കാതിരിക്കാൻ പാറമട ലോബി ഇടതുമുന്നണിയിലെ ചില മെമ്പർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നതായും ആക്ഷേപമുയർന്നിട്ടുണ്ട്. പാറമട ലോബിയുടെ നീക്കങ്ങൾ വിജയിച്ചില്ലെങ്കിൽ 6-6 കക്ഷിനില എൽ.ഡി.എഫ്- യു.ഡി.എഫ് ഭാഗത്ത് വരും. സ്വാഭാവികമായും തെരഞ്ഞെടുപ്പ് കൂടുതൽ സങ്കീർണമാകും.
പാർട്ടിയിലെ മുൻധാരണ മെമ്പർമാരെ അറിയിച്ചിരുന്നില്ല
നാലുവർഷത്തിന് ശേഷം ലിസി സണ്ണി മാറണമെന്ന വ്യവസ്ഥ കോൺഗ്രസ് പാർട്ടി നേരത്തെ തന്നെ ഉണ്ടാക്കിയിരുന്നുവെന്നും എന്നാൽ ഇക്കാര്യം മെമ്പർമാരോട് പറഞ്ഞിരുന്നില്ലെന്നും കോൺഗ്രസ് ഭരണങ്ങാനം മണ്ഡലം പ്രസിഡന്റ് സാബു അവുസേപ്പറമ്പിൽ പറഞ്ഞു. കോൺഗ്രസിലെ അഞ്ചംഗ കമ്മറ്റി ചേർന്നാണ് ഈ ധാരണ ഉണ്ടാക്കിയിരുന്നതെന്നും സാബു വിശദീകരിച്ചു.